26
October, 2026

A News 365Times Venture

26
Monday
October, 2026

A News 365Times Venture

Dool In-Depth- ഒരു കെട്ടിടം തകര്‍ന്നുവീണത് സെര്‍ബിയയുടെ രാഷ്ട്രീയജാതകം തിരുത്തിക്കുറിച്ചതെങ്ങനെ? രാജ്യത്ത് ഇനി ‘വിദ്യാര്‍ഥി’ ഭരണം

Date:

ബെല്‍ഗ്രേഡ്: ഒരു പതിറ്റാണ്ടിലേറെയായി സെര്‍ബിയന്‍ രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന അലക്‌സാന്‍ഡര്‍ വുസിച്ച് രണ്ട് വര്‍ഷം മാത്രം പ്രായമുള്ള ഒരു വിദ്യാര്‍ഥിപ്രസ്ഥാനത്തിന് മുന്നില്‍ കീഴടങ്ങിയ വാര്‍ത്തയാണ് സെര്‍ബിയയില്‍ നിന്നെത്തുന്നത്. സെര്‍ബിയന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് വിദ്യാര്‍ഥി സംഘടനയായ സ്റ്റുഡന്റ് ലിസ്റ്റ് സെര്‍ബിയയില്‍ അധികാരത്തിലേക്കെത്തുന്നത്. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവുമുയര്‍ന്ന പോളിങ്ങാണ് ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയത്.

250 അംഗ പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷത്തിനായി വേണ്ടത് 126 സീറ്റുകളാണ്. 95 ശതമാനത്തിലധികം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ 141 സീറ്റുകള്‍ സ്റ്റുഡന്റ് ലിസ്റ്റ് നേടിക്കഴിഞ്ഞു. 2012 ല്‍ അധികാരത്തിലേറിയതാണ് അലക്‌സാന്‍ഡര്‍ വുസിച്ചിന്റെ വലത്പക്ഷ പാര്‍ട്ടിയായ സെര്‍ബിയന്‍ പ്രോഗ്രസിവ് പാര്‍ട്ടി (എസ്.എന്‍.എസ്).

‘ഈ തെരഞ്ഞെടുപ്പില്‍ നമ്മള്‍ പരാജയപ്പെട്ടു എന്നത് വ്യക്തമായിരിക്കുകയാണ്’, അണികളെ അഭിസംബോധനചെയ്തുകൊണ്ട് വുസിച്ച് ഞായറാഴ്ച പറഞ്ഞു.

അലക്‌സാന്‍ഡര്‍ വുസിച്ച്

2017 മെയ് മുതല്‍ സെര്‍ബിയയുടെ പ്രസിഡന്റാണ്. അതിനുമുമ്പ് 2014 മുതല്‍ 2017 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയും 2012 മുതല്‍ 2014 വരെ സെര്‍ബിയന്‍ ഉപ പ്രധാനമന്ത്രിയുമായിരുന്നു വുസിച്ച്. 2012-2023 കാലഘട്ടത്തില്‍ എസ്.എന്‍.എസിന്റെ പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.

2008ല്‍ തീവ്ര വലത്പക്ഷ പാര്‍ട്ടിയായ സെര്‍ബിയന്‍ റാഡിക്കല്‍ പാര്‍ട്ടി വിട്ട് വുസിച്ചും ടോമിസ്ലാവ് നികോലികും ചേര്‍ന്ന് രൂപീകരിച്ചതാണ് എസ്.എന്‍.എസ്. അഴിമതിവിരുദ്ധ നയങ്ങളിലൂന്നി പ്രവര്‍ത്തിച്ച പാര്‍ട്ടി വളരെ പെട്ടെന്നാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് സെര്‍ബിയയുമായി ചേര്‍ന്ന് 2014ല്‍ എസ്.എന്‍.എസ് ഭരണത്തിലേറുകയും വുസിച്ച് പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കുകയും ചെയ്തു.

ബട്ടര്‍ഫ്‌ലൈ എഫക്ട്

2024 നവംബര്‍ ഒന്നിന് സെര്‍ബിയന്‍ നഗരമായ നോവി സാദില്‍ ഒരു റെയില്‍വെ സ്‌റ്റേഷന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീണ് ആറ് വയസുകാരി ഉള്‍പ്പെടെ 16 പേര്‍ മരിച്ചു. ഇതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളാണ് എസ്.എന്‍.എസിനെ ഭരണത്തില്‍ നിന്നും താഴെയിറക്കുന്നതില്‍ ചെന്നവസാനിച്ചത്.

ബെല്‍ഗ്രേഡിലെ ഫാക്കല്‍റ്റി ഓഫ് ഡ്രാമാറ്റിക് ആര്‍ട്‌സിലെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികള്‍ 2024 നവംബര്‍ 22ന് നടത്തിയ ഉപരോധത്തോടെയാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പ്രതിഷേധങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ രാവിലെ 11.52 മുതല്‍ 12.08 വരെ (അപകടം നടന്ന സമയം) ജീവന്‍ നഷ്ടപ്പെട്ട 16 പേരോടുള്ള ആദരസൂചകമായി മൗനം ആചരിച്ചു. ‘സെര്‍ബിയ, നിശ്ചലമാകൂ’ എന്ന പേരില്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. പലയിടങ്ങളിലും പൊലീസും എസ്.എന്‍.എസിന്റെ അനുയായികളും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി. നിരവധി പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

2025 തുടക്കത്തോടെ പ്രസ്ഥാനം തുടര്‍ച്ചയായ സിവില്‍ നിയമലംഘനത്തിലേക്ക് വഴിമാറി. ഉപരോധങ്ങള്‍, മാര്‍ച്ചുകള്‍, സ്ട്രാസ്‌ബെര്‍ഗിലെ പ്രതിഷേധ സൈക്കിള്‍ റാലി, ബ്രസല്‍സിലേക്കുള്ള റിലേ ഓട്ടം, റേഡിയോ ടെലിവിഷന്‍ ഓഫ് സെര്‍ബിയയുടെ ആസ്ഥാനം ഉപരോധിക്കല്‍ തുടങ്ങി നിരവധി സമരപരിപാടികള്‍ പ്രതിഷേധക്കാര്‍ സംഘടിപ്പിച്ചു.

വുസിച്ചിന്റെ എസ്.എന്‍.എസ് പാര്‍ട്ടി ശക്തമായ ആഘാതം നേരിട്ടു. 2025 ജനുവരിയില്‍ പ്രധാനമന്ത്രി രാജിവെച്ചു. 2025 മാര്‍ച്ചില്‍ സെര്‍ബിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് ബെല്‍ഗ്രേഡ് വേദിയായി.

മാര്‍ച്ചോടെ 400ലധികം നഗരങ്ങളിലേക്ക് പ്രതിഷേധങ്ങള്‍ വ്യാപിച്ചു. അപകടത്തെത്തുടര്‍ന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ അഴിമതിയ്ക്കും അശ്രദ്ധയ്ക്കുമെതിരെ സുതാര്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധം പതിയെ സര്‍ക്കാരിനെതിരെയുള്ള ജനരോഷമായി മാറി.

പ്രസിഡന്റിന്റെയും മറ്റ് ഉന്നതപദവിയിലുള്ളവരുടെയും രാജിയും ഇടക്കാല തെരഞ്ഞെടുപ്പുമായിരുന്നു പ്രതിഷേധക്കാരുടെ പിന്നീടുള്ള ആവശ്യങ്ങള്‍. വിദ്യാര്‍ഥികളില്‍ നിന്നും തുടങ്ങിയ പ്രതിഷേധം പതിയെ സമൂഹത്തിന്റെ പല വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍ക്കൊള്ളുന്ന ദേശീയ പ്രസ്ഥാനമായി വളര്‍ന്നു.

നേതൃത്വമില്ലാതെ വിദ്യാര്‍ഥിപ്രസ്ഥാനം ശക്തി പ്രാപിച്ചതോടെ, വിദ്യാര്‍ഥികള്‍ ‘പ്ലീനം’ എന്നറിയപ്പെടുന്ന പൊതുയോഗങ്ങളിലൂടെ സ്വയം സംഘടിച്ചു. ജനങ്ങളെ നിയമം വെച്ച് അടിച്ചമര്‍ത്തുന്ന ഒരു സമൂഹല്ല, നിയമം കൊണ്ട് ജനങ്ങളെ സേവിക്കുന്ന ഒരു സമൂഹമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

തുടക്കത്തില്‍ പ്രതിഷേധക്കാരെ സദുദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ എന്നാണ് വുസിച്ച് വിശേഷിപ്പിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ സെര്‍ബിയയെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് വുസിച്ച് ആരോപിച്ചത്.

സ്റ്റുഡന്റ് ലിസ്റ്റ്

രാഷ്ട്രീയത്തില്‍ മുന്‍പരിചയമോ ശക്തരായ നേതാക്കളോ ഇല്ലാതിരുന്നിട്ടും ‘സ്റ്റുഡന്റ് ലിസ്റ്റ് സ്റ്റുഡന്റ് വിന്‍’ എന്ന പ്രസ്ഥാനം സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ വിരുദ്ധ വോട്ടര്‍മാരെ ആകര്‍ഷിച്ചു.

പാര്‍ലമെന്റിലെ 250 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും അവരിലൊരാള്‍ പോലും വിദ്യാര്‍ഥിയായിരുന്നില്ല. അക്കാദമിഷ്യന്‍സും ഡോക്ടര്‍മാരും അഭിഭാഷകരും എക്കണോമിസ്റ്റുകളും കലാകാരന്മാരും കായികതാരങ്ങളുമെല്ലാം സ്റ്റുഡന്റ് ലിസ്റ്റിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടായിരുന്നു.

ഹൃദ്രോഗവിദഗ്ധനും എമര്‍ജന്‌സി മെഡിസിന്‍ പ്രൊഫസറുമായ ഇലിയ സ്രദാനോവിച്ച് ആണ് സ്റ്റുഡന്റ് ലിസ്റ്റിന്റെ സ്ഥാനാര്‍ത്ഥികളില്‍ പ്രമുഖന്‍.

യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണം പ്രധാനമാണ് എന്ന് വിശ്വസിക്കുന്ന സംഘടന യൂണിയനില്‍ ചേരണമോ എന്ന കാര്യത്തില്‍ ഹിതപരിശോധന നടത്തണമെന്ന് അഭിപ്രായപ്പെടുന്നു. കൊസോവോ സെര്‍ബിയയുടെ അവിഭാജ്യഘടകമാണെന്ന് കാണുന്ന സ്റ്റുഡന്റ് ലിസ്റ്റ് നാറ്റോയില്‍ രാജ്യത്തിന്റെ അംഗത്വത്തെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.

ഭരിക്കുന്നതാര്?

ഇലിയ സ്രദാനോവിച്ചാണ് പ്രധാന സ്ഥാനാര്‍ഥിയായിരുന്നതെങ്കിലും അദ്ദേഹം പ്രധാനമന്ത്രി ആകുമെന്ന കാര്യം ഉറപ്പില്ല. മുന്‍ ബാസ്‌കറ്റ്‌ബോള്‍ താരം ദേജാന്‍ ബോഡിറോഗ, പ്രശസ്ത നടന്‍ തിഹോമിര്‍ സ്റ്റാനിച്ച് , ഓപ്പറ ഗായകന്‍ നിക്കോള മിക്കിച്ച്, സെര്‍ബിയന്‍ നാഷണല്‍ ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ ദേജാന്‍ ഷോഷിച്ച് എന്നിവരും നിരവധി പ്രൊഫസര്‍മാരും വിജയിച്ചവരിലെ പ്രമുഖരാണ്.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഷോഷിച്ചിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. സമ്പദ്‌വ്യവസ്ഥയില്‍ നടപ്പാക്കേണ്ട പരിഷ്‌കാരങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളില്‍നിന്ന് വ്യാപക വിമര്‍ശനവും നേരിട്ടിട്ടുണ്ട്.

മാധ്യമസ്വാതന്ത്ര്യം

അലക്‌സാന്‍ഡര്‍ വുസിച്ചിന്റ ഭരണകൂടം നേരിട്ട പ്രധാന വിമര്‍ശനം മാധ്യമങ്ങളെ നിയന്ത്രിക്കുന്നുവെന്നതായിരുന്നു. സ്റ്റുഡന്റ് ലിസ്റ്റിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന മാധ്യമരംഗത്തെ അസന്തുലിതാവസ്ഥ പരിഹരിക്കുകയും പൊതുമേഖലാ പ്രക്ഷേപണ സ്ഥാപനങ്ങളെ രാഷ്ട്രീയ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു.

മാധ്യമങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം വുസിച്ചും എസ്.എന്‍.എസ് പാര്‍ട്ടിയും നിഷേധിച്ചിരുന്നുവെങ്കിലും മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നും സ്വതന്ത്ര ശബ്ദങ്ങളെ പുറത്താക്കുകയും സര്‍ക്കാരിനെ അനുകൂലിക്കുന്ന വാര്‍ത്തകള്‍ വ്യാപകമാകുകയും ചെയ്യുന്നുവെന്ന് വര്‍ഷങ്ങളായി മാധ്യമനിരീക്ഷണ സംഘടനകള്‍ പറഞ്ഞിരുന്നു.

വുസിച്ചിനുള്ള പിന്തുണ ടെലിവിഷന്‍ ചാനലുകളിലും ടാബ്ലോയ്ഡുകളിലുമുള്‍പ്പെടെ മുഖ്യധാരാ മാധ്യമങ്ങളിലെല്ലാം പ്രകടമായിരുന്നു. എസ്.എന്‍.എസ് സംഘടിപ്പിച്ച വുസിച്ചിന്റെ ഒരു റാലി രാജ്യത്തെ 46 ടെലിവിഷന്‍ ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ 180 രാജ്യങ്ങളില്‍ 104ാം സ്ഥാനമാണ് റിപ്പോട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്(ആര്‍.എസ്.എഫ്) നല്‍കിയത്. യൂറോപ്യന്‍ യൂണിയന്‍ബാള്‍ക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും പിന്നിലാണ് സെര്‍ബിയ. രാജ്യത്ത് മാധ്യമങ്ങളെ പൂര്‍ണമായി സര്‍ക്കാര്‍ വരുതിയിലാക്കുന്നതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആര്‍.എസ്.എഫ് പ്രതിനിധി പാവോള്‍ സലായ് പറഞ്ഞിരുന്നു.

തെരഞ്ഞെടുക്കപ്പെട്ടവരുടെ ലക്ഷ്യങ്ങള്‍

11 ഇന പരിപാടിയുടെ അടിസ്ഥാനത്തില്‍, വിദ്യാര്‍ഥി പ്രസ്ഥാനം മുന്നോട്ടുവയ്ക്കുന്ന പ്രധാന ലക്ഷ്യങ്ങള്‍ ഇവയാണ്:

*അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിനായി പ്രത്യേക പൊലീസ് വിഭാഗം രൂപീകരിക്കുകയും ചെയ്യുക.
*പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിച്ച ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരെയും സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളവരെയും പുറത്താക്കുക.
*സെര്‍ബിയയിലെ മാധ്യമരംഗത്തെ അസന്തുലിതാവസ്ഥ പരിഹരിക്കുകയും പൊതുമേഖലാ പ്രക്ഷേപണ സ്ഥാപനത്തെ രാഷ്ട്രീയ നിയന്ത്രണത്തില്‍നിന്ന് മോചിപ്പിക്കുകയും ചെയ്യുക.
*പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ഭരണകക്ഷിയോട് കൂറുള്ളവരെ നിയമിക്കുന്ന രീതി അവസാനിപ്പിക്കുക

Content Highlight: Students Movement Ends Vučić’s 14-Year Rule in Serbia.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related