29
October, 2026

A News 365Times Venture

29
Thursday
October, 2026

A News 365Times Venture

മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും ഇ.ഡി കണ്ടുകെട്ടി

Date:

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ റാംപൂരിലുള്ള മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരായ കേസിലാണ് നടപടി.

സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച സ്വകാര്യ സര്‍വകലാശാലയാണ് മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാല. സര്‍വകലാശാലയുടെ നിര്‍മ്മാണത്തിനായി, പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച സര്‍ക്കാര്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി ആരോപിക്കുന്നു. നഗരവികസന വകുപ്പ് മന്ത്രിയായും ഉത്തര്‍പ്രദേശ് ജല്‍ നിഗം ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്ന കാലത്ത്, തന്റെ സ്വാധീനം ഉപയോഗിച്ച് അസം ഖാന്‍ ഈ ക്രമക്കേടുകള്‍ നടത്തിയെന്നാണ് ഇ.ഡി ആരോപിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വകലാശാലയുടെ 59 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന ഈ സ്വത്തുക്കള്‍ കണ്ടുകെട്ടിക്കൊണ്ട്, പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്റ്റ് (പി.എം.എല്‍.എ) പ്രകാരം ഇ.ഡി താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ ഇ.ഡി റെയ്ഡുകള്‍ നടത്തിയിരുന്നു. കൂടാതെ, വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായി റാംപൂര്‍ ജയിലില്‍ കഴിയുന്ന അസം ഖാനെ ഏജന്‍സി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

499 കോടി രൂപ ചെലവിലാണ് ഈ ഭൂമിയും കെട്ടിടങ്ങളും രജിസ്റ്റര്‍ ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തത്. എന്നാല്‍ ഇവയ്ക്ക് നിലവില്‍ 1,170 കോടി രൂപയുടെ വിപണി മൂല്യമുണ്ടെന്ന് ഇ.ഡി ഇന്ന് (ഒക്ടോബര്‍ 28, ബുധന്‍) പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

‘റാംപൂരിലെ സിംഗന്‍ഖേര ഗ്രാമത്തിലുള്ള ജൗഹര്‍ നഗറിലെ സര്‍വകലാശാലാ കാമ്പസ്, ‘മൗലാന മുഹമ്മദ് അലി ജൗഹര്‍ ട്രസ്റ്റ്’ എന്ന സ്ഥാപനത്തിന്റെ കൈവശമാണ്. മുഹമ്മദ് അസം ഖാന്‍ സ്ഥാപിച്ച ഈ ട്രസ്റ്റ് അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍വകലാശാലയുടെ ഓണററി ചാന്‍സലറും അദ്ദേഹമാണ്,’ എന്നും ഇ.ഡിയുടെ പ്രസ്താവനയില്‍ പറയുന്നു.

മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ഈ വര്‍ഷം ജൂലൈയില്‍ റാംപൂര്‍ വികസന അതോറിറ്റി (ആര്‍.ഡി.എ) ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ വലിയ രീതിയില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

സര്‍വകലാശാലയിലെ 40ല്‍ 38 കെട്ടിടങ്ങളും 15 ദിവസത്തിനകം പൊളിച്ച് നീക്കാനായിരുന്നു ഉത്തരവ്. 1973ലെ ഉത്തര്‍പ്രദേശ് നഗരാസൂത്രണ വികസന നിയമം അംഗീകരിക്കുന്ന പ്ലാന്‍ ഇല്ലാതെയാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചതെന്ന് ആരോപിച്ചായിരുന്നു ആര്‍.ഡി.എയുടെ നടപടി.

കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ അടക്കം പ്രതിഷേധം നടത്തിയിരുന്നു. സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷിയായ സമാജ് വാദി പാര്‍ട്ടി അടക്കമുള്ളവരും യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.

കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള ഉത്തരവിനെതിരെ അന്ന് സമാജ് വാദി പാര്‍ട്ടി എം.പിമാരും എം.എല്‍.എമാരും ധര്‍ണ നടത്തിയിരുന്നു. സര്‍വകലാശാലക്കെതിരെ വിവേചന പരമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടിരുന്നു.

സര്‍വകലാശാലയ്‌ക്കെതിരായ നടപടി യോഗിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ പാരമ്യമാണെന്ന് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദും അന്ന് വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ വ്യാജ സര്‍വകലാശാലകള്‍ക്കെതിരെ നടപടിയെടുക്കാത്ത സര്‍ക്കാരാണ് ജൗഹര്‍ സര്‍വകലാശാലയിലെ കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ ഉത്തരവിട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

യു.ജി.സി പട്ടിക പ്രകാരം അലിഗഢ്, പ്രയാഗ്രാജ്, ലഖ്നൗ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയ്ക്കെതിരെ നടപടിയെടുക്കാതെ, കൃത്യമായി സ്ഥാപിതമായ ഒരു സര്‍വകലാശാലയെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ലക്ഷ്യം വെയ്ക്കുന്നതില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും ആസാദ് അഭിപ്രായപ്പെട്ടിരുന്നു.

2006ലാണ് മുഹമ്മദ് അലി ജൗഹര്‍ യൂണിവേഴ്‌സിറ്റിസ്ഥാപിതമായത്. സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ സ്വപ്ന പദ്ധതിയായിരുന്നു സര്‍വകലാശാല. എന്നാല്‍ സമീപകാലത്തായി ഭൂമി കൈയേറ്റം, ലീസ് നിയമ ലംഘനം തുടങ്ങിയ ഒട്ടനവധി നിയമപ്രശ്‌നങ്ങളും വിവാദങ്ങളും സര്‍വകലാശാലക്കെതിരെ ഉയരുകയായിരുന്നു.

Content Highlight: ED attaches Jauhar University in Azam Khan money laundering case

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related