ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി, എസ്.ഐ.ആര് നടപടികള്‍ നിര്‍ത്തിവെക്കല്‍ എന്നിവ അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ഇന്ത്യ മുന്നണി നവംബര്‍ ഒന്നിന് നടത്തുന്ന പ്രതിഷേധ റാലിക്ക് കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി) പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍ക്കായി പോരാടുന്ന എല്ലാ സംഘടനകള്‍ക്കും കോക്രോച്ച് ജനതാ പാര്‍ട്ടി പിന്തുണ നല്‍കുമെന്നും സി.ജെ.പി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
‘ഇന്ത്യ സഖ്യം നവംബര്‍ ഒന്നിന് നടത്തുന്ന റാലിക്ക് കോക്രോച്ച് ജനതാ പാര്‍ട്ടി പിന്തുണ പ്രഖ്യാപിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം പ്രകാരം ജനങ്ങള്‍ തങ്ങളുടെ സര്‍ക്കാരിനെയാണ് തെരഞ്ഞെടുക്കേണ്ടത്. അല്ലാതെ സര്‍ക്കാര്‍ വോട്ടര്‍മാരെ തിരഞ്ഞെടുക്കുകയല്ല ചെയ്യുന്നത്,’ സി.ജെ.പി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു.
എസ്.ഐ.ആര് നടപടിയിലൂടെ ഈ തത്വത്തെത്തന്നെ അട്ടിമറിച്ച ഗ്യാനേഷ് കുമാറിന്, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കാനുള്ള വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും സ്വതന്ത്ര സ്വഭാവവും വീണ്ടെടുക്കാന്‍ അദ്ദേഹത്തിന്റെ രാജി അനിവാര്യമാണെന്നും സി.ജെ.പി ചൂണ്ടിക്കാട്ടി.
‘ഇന്ത്യന്‍ ഭരണഘടന രൂപീകരിക്കുന്നതില്‍ ഡോ. ബി. ആര്. അംബേദ്കര്‍ പങ്കുവഹിച്ചപ്പോള്‍, ജാതി, മതം, ലിംഗഭേദം, വിദ്യാഭ്യാസം, സാമ്പത്തിക പശ്ചാത്തലം എന്നിവ പരിഗണിക്കാതെ എല്ലാ മുതിര്‍ന്ന പൗരന്മാര്ക്കും തുല്യമായ വോട്ടവകാശം ഉണ്ടെന്ന് അദ്ദേഹം ഉറപ്പാക്കി. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഒരിക്കലും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും ഡോ. അംബേദ്കറും ഭരണഘടനാ ശില്‍പ്പികളും ജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു.
രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതില്‍ ഓരോ പൗരനും തുല്യ പങ്കാളിത്തം ഉണ്ടാകുമ്പോള്‍ മാത്രമേ ജനാധിപത്യം വിജയിക്കുകയുള്ളൂ എന്ന് അവര്‍ തിരിച്ചറിഞ്ഞു. ലളിതമായ ഒരു ആശയമായിരുന്നു അത്. കൂടുതല്‍ പൗരന്മാരെ ജനാധിപത്യ പ്രക്രിയയിലേക്ക് കൊണ്ടുവരിക, അവരെ അതില്‍ നിന്ന് ഒഴിവാക്കുകയല്ല വേണ്ടത് എന്ന തത്വം,’ സി.ജെ.പി കുറിച്ചു
ഇന്ന് എസ്.ഐ.ആര്’ നടപടികള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് അര്‍ഹരായ വോട്ടര്‍മാരെ നീക്കം ചെയ്യുന്നതിനെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തിയിരിക്കുന്നു. പൗരന്മാര്ക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നത് എളുപ്പമാക്കുന്നതിന് പകരം, അവര്‍ ഒഴിവാക്കപ്പെടുമോ എന്ന ഭയം വര്‍ദ്ധിച്ചുവരുന്ന കാഴ്ചയാണ് നാം കാണുന്നതെന്നും സി.ജെ.പി ചൂണ്ടിക്കാട്ടി.
സാമൂഹികമോ സാമ്പത്തികമോ ആയ പദവി പരിഗണിക്കാതെ, ഓരോ ഇന്ത്യക്കാരനും തുല്യമായ രാഷ്ട്രീയ ശബ്ദമുണ്ടെന്ന് ഉറപ്പാക്കാന്‍ ഡോ. അംബേദ്കര്‍ പോരാടി. ഈ തത്വം സംരക്ഷിക്കാന്‍ ഓരോ സര്‍ക്കാരും ഭരണഘടനാ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. വോട്ടവകാശം വിനിയോഗിക്കുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിക്കുകയല്ല, മറിച്ച് അര്‍ഹരായ ഓരോ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കുക എന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമെന്നും സി.ജെ.പിയുടെ പ്രസ്താവനയില്‍ പറയുന്നു.
‘നമ്മുടെ ഭരണഘടന ഓരോ മുതിര്‍ന്ന പൗരനും വോട്ടവകാശം നല്‍കിയിട്ടുണ്ട്. അര്‍ഹരായ ഒരു പൗരനും ഈ അവകാശം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. അതിനാല്‍, നമ്മുടെ രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍ക്കായി പോരാടുന്ന എല്ലാ സംഘടനകള്‍ക്കും കോക്രോച്ച് ജനതാ പാര്‍ട്ടി പിന്തുണ നല്‍കും,’ സി.ജെ.പിയുടെ പ്രസ്താവനയില്‍ പറയുന്നു.
Content Highlight: The Cockroach Janta Party extends its support to the INDIA Bloc’s November 1 rally.




