തിരുവനന്തപുരം: ബാലറ്റ് പേപ്പറില്‍ നടന്ന എം.എല്‍.സി. തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ഊറ്റംകൊള്ളുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വാരണാസിയിലെ ഫലത്തെക്കുറിച്ച് മൗനം പാലിക്കുന്നതെന്തുകൊണ്ടെന്ന് സി.പി.ഐ.എം. നേതാവും രാജ്യസഭാംഗവുമായ ജോണ്‍ ബ്രിട്ടാസ്.
എം.എല്‍.സി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേടിയ വിജയത്തെ ഉയര്‍ത്തിക്കാട്ടുന്നവര്‍ വാരണാസിയിലും നാഗ്പൂരിലും പാര്‍ട്ടിക്കുണ്ടായ തിരിച്ചടികളെക്കുറിച്ച് സംസാരിക്കുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു.
ബിഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ അധ്യാപകര്‍ക്കും ബിരുദധാരികള്‍ക്കും മാത്രം വോട്ടവകാശമുള്ള എം.എല്‍.സി. മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വലിയ വിജയം നേടിയെന്നാണ് ബി.ജെ.പിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും പ്രചാരണമെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും ബ്രിട്ടാസ് ചോദ്യമുയര്‍ത്തി. വാരണാസിയിലെ ബിരുദധാരികളുടെയും അധ്യാപകരുടെയും മണ്ഡലങ്ങളില്‍ ബി.ജെ.പി. പരാജയപ്പെടുന്നത് ഇതാദ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സമാജ്വാദി പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായിരുന്ന വാരണാസിയില്‍ ഇത്തവണയും രണ്ട് സീറ്റുകളിലും മികച്ച വിജയം നേടിയ എസ്.പി. തങ്ങളുടെ സ്വാധീനം നിലനിര്‍ത്തിയെന്ന് ബ്രിട്ടാസ് കുറിച്ചു. ലഖ്നൗവില്‍ സമാജ്വാദി പാര്‍ട്ടി നേടിയ വിജയവും അദ്ദേഹം എടുത്തുപറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകളാണ് ഈ ഫലങ്ങളെന്നും ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. ബാലറ്റ് പേപ്പറില്‍ നടന്ന തെരഞ്ഞെടുപ്പിലെ വിജയം ഉയര്‍ത്തിക്കാട്ടുന്നവര്‍ രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ബാലറ്റ് പേപ്പറിലേക്ക് മാറ്റാന്‍ തയ്യാറാകണമെന്നും അദ്ദേഹം പരിഹസിച്ചു.
ജോണ്‍ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബാലറ്റ് പേപ്പറില്‍ നടന്ന എം.എല്‍.സി. (എം.എല്‍.സി) തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ‘ഊറ്റം കൊള്ളുന്ന’ പ്രധാനമന്ത്രി, സ്വന്തം തട്ടകമായ വാരണാസിയിലെ ഫലത്തെക്കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ടാണ്?
എം.എല്‍.സി. തിരഞ്ഞെടുപ്പും ബാലറ്റ് പേപ്പറുമാണ് ബി.ജെ.പി.യുടെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം.
ബിഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ അധ്യാപകര്‍ക്കും ബിരുദധാരികള്‍ക്കും മാത്രം വോട്ടവകാശമുള്ള എം.എല്‍.സി. മണ്ഡലങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. അവിടെ ബി.ജെ.പി. വന്‍ വിജയം നേടി എന്നാണ് ബി.ജെ.പി.യുടെയും സംഘപരിവാറിന്റെയും പ്രചാരണം. എന്നാല്‍, മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ആര്.എസ്.എസിന്റെ ആസ്ഥാനത്തും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സ്വന്തം ജില്ലയിലും പരാജയപ്പെട്ടതിനെക്കുറിച്ച് ഇവര്‍ മിണ്ടുന്നില്ല.
നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. വാരണാസിയിലെ ബിരുദധാരികളും അധ്യാപകരും ബി.ജെ.പി.യെ പരാജയപ്പെടുത്തുന്നത് ഇതാദ്യമല്ല. സമാജ്വാദി പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റായിരുന്ന അവിടെ ഇത്തവണയും രണ്ട് സീറ്റുകളിലും മികച്ച വിജയത്തോടെ എസ്.പി. തങ്ങളുടെ സ്വാധീനം നിലനിര്‍ത്തി. ഇതിനൊപ്പം ലഖ്നൗവില്‍ സമാജ്വാദി പാര്‍ട്ടി നേടിയ വിജയവും എടുത്തുപറയേണ്ടതാണ്. അടുത്ത തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന യു.പി.യില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്.
അതുകൊണ്ട്, ‘ബാലറ്റിലും ഞങ്ങള്‍ തന്നെ’ എന്ന് അവകാശപ്പെടുന്നവര്‍ എത്രയും പെട്ടെന്ന് രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകളും ബാലറ്റ് പേപ്പറിലേക്ക് മാറ്റാനുള്ള നിലപാട് സ്വീകരിക്കണം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ നിന്ന് തന്നെ ഇതിന് തുടക്കം കുറിക്കാവുന്നതാണ്.
Content Highlight: Why is Modi silent about the defeat in Varanasi? John Brittas mocks the BJP




