കല്‍പ്പറ്റ: വയനാട് ചൂരല്‍മല ദുരന്തത്തില്‍ അനാഥയാക്കപ്പെട്ട ശ്രുതി സുരേഷിന് ഇന്ന് മാംഗല്യം. ചുരല്‍മല ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതി ദുഖങ്ങളെ അതിജീവിച്ച് ഇന്ന് പുതിയ അധ്യായത്തിലേക്ക് കാലെടുത്തുവെച്ചു.
ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വയനാട് കലക്ടറേറ്റിലെ റവന്യൂ ജീവനക്കാരനായ സന്ദീപ് ശങ്കരനാണ് വരന്. കിഴക്കെ നടയിലെ ഒന്നാം നമ്പര്‍ മണ്ഡപത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.
രക്ഷാകര്‍ത്താവിന്റെ സ്ഥാനത്ത് നിന്ന് എല്ലാത്തിനും മേല്‍നോട്ടം വഹിച്ചത് മുന്‍ റവന്യൂ മന്ത്രി കെ. രാജന് ആയിരുന്നു. എല്ലാവര്ക്കും സന്തോഷകരമായ അനുഭവമാണ് ശ്രുതിയുടെ വിവാഹമെന്ന് കെ രാജന് പറഞ്ഞു. എല്ലാഘടത്തിലും അവര്‍ക്കൊപ്പമുണ്ടാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഒരുമിച്ച് ജോലി ചെയ്യുന്ന ആളുടെ കൈയില്‍ ഏല്‍പ്പിച്ചപ്പോള്‍ വളരെ സന്തോഷമെന്നും രാജന് മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാം അറിഞ്ഞ് കൈപിടിച്ചെന്നും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയണമെന്നാണ് പ്രാര്‍ത്ഥനയെന്നും ശ്രുതി പറഞ്ഞു. സന്തോഷത്തോടെ ജീവിതത്തിലേക്ക് കടക്കുന്നുവെന്നും എല്ലാവര്ക്കും നന്ദിയുണ്ടെന്നും വരന് സന്ദീപും പ്രതികരിച്ചു. വയനാട് ദുരന്തത്തില്‍ വീട്ടിലെ ഒമ്പത് അംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനും വാഹനാപകടത്തില്‍ മരിച്ചിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ശ്രുതിക്ക് അന്നത്തെ സര്‍ക്കാരാണ് കൈത്താങ്ങായത്.
Content Highlight: Overcoming her losses, Shruti now steps into a new life: Former Minister K. Rajan entrusts her to Sandeep.




