കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്.ഐ.ആര് റദ്ദാക്കലും അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) അടക്കമുള്ള സംഘടനകളുടെ പ്രതിഷേധം കൊച്ചിയില്‍ ആരംഭിച്ചു. ‘ജന്തര്‍ മന്തര്‍ അറ്റ് കൊച്ചി’ പേരിലുള്ള പ്രതിഷേധ പരിപാടിയില്‍ സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്കെ, നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജന്തര്‍ മന്തര്‍ അറ്റ് കൊച്ചിയുടെ ഭാഗമായുള്ള പ്രതിഷേധ റാലിക്ക് മുന്‍നിരയില്‍ നിന്ന് പ്രകാശ് രാജ് അടക്കമുള്ളവര്‍ നേതൃത്വം നല്കി. മാര്‍ക്കറ്റ് റോഡില്‍ നിന്ന് രാജേന്ദ്ര മൈതാനത്തേക്ക് നടന്ന റാലിയില്‍ നൂറുകണക്കിന് പേര് പങ്കെടുത്തു. രാജേന്ദ്ര മൈതാനിയില്‍ വെച്ചാണ് പ്രതിഷേധപരിപാടിയുടെ ഭാഗമായുള്ള പൊതു സമ്മേളനം.
അഭിജീത്ത് ദിപ്കെ അടക്കമുള്ളവര്‍ പൊതു സമ്മേളനത്തില്‍ സംസാരിച്ചു. ജയ് ഭീം മുദ്രാവാക്യം മുഴക്കി ദേശീയ പതാക വീശിക്കൊണ്ടാണ് ദീപ്കെ പൊതു സമ്മേളന വേദിയിലെത്തിയത്. ദല്‍ഹിയിലെ പ്രതിഷേധത്തിനിടെ പോലീസ് കസ്റ്റഡിയിലായ ശേഷം അഭിജീത്ത് ദിപ്കെ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണിത്. ഇന്ന് ഉച്ചയോടെയാണ് ദീപ്കെ കൊച്ചിയിലെത്തിയത്.
ഇന്ത്യയില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സംവിധാനം ലഭിക്കുന്നത് വരെ ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം തുടരുമെന്ന് ദീപ്കെ നെടുമ്പാശേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കീഴില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളെ വിശ്വസിക്കാന്‍ കഴിയില്ലെന്നും, ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ സഹായിക്കുന്നതിനായി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൃത്രിമം നടക്കുന്നുണ്ടെന്നും ദിപ്കെ അഭിപ്രായപ്പെട്ടു.
കോക്രോച്ച് ജനതാ പാര്‍ട്ടിയില്‍ കേരളത്തില്‍ നിന്ന് ധാരാളം അംഗങ്ങളുണ്ട്. സംഘാടകരുടേയും പ്രകാശ് രാജിന്റേയും ക്ഷണം സ്വീകരിച്ചാണ് താന്‍ കേരളത്തിലെത്തിയതെന്നും ദിപ്കെ പറഞ്ഞു.
ഗ്യാനേഷ് കുമാറിനെതിരായി ജന്തര്‍ മന്തറില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ മാസം ദല്‍ഹിയില്‍ സി.ജെ.പി നേതാക്കള്‍ അറസ്റ്റിലായിരുന്നു. ഇതിന് ശേഷമുള്ള സംഘടനയുടെ ആദ്യത്തെ പ്രധാന പ്രതിഷേധമാണ് കൊച്ചിയില്‍ നടക്കുന്നത്.
Content Highlight: Abhijeet Dipke and Prakash Raj at Kochi Jantar Mantar Protest




