16
November, 2026

A News 365Times Venture

16
Monday
November, 2026

A News 365Times Venture

തമിഴ്‌നാട്ടിലെ ലൈബ്രറികളില്‍ നൂറു കണക്കിന് വ്യാജ പുസ്തകങ്ങള്‍; തയ്യാറാക്കിയത് എ.ഐ ഉപയോഗിച്ച്

Date:

ചെന്നൈ: തമിഴ്‌നാട്ടിലെ പബ്ലിക് ലൈബ്രറികളില്‍ എ.ഐ ഉപയോഗിച്ച് തയ്യാറാക്കിയ നൂറു കണക്കിന് വ്യാജ പുസ്‌കങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള പല പുസ്തകങ്ങളിലും വസ്തുതാപരമായ പിശകുകളും ചരിത്രപരമായ തെറ്റുകളും ധാരാളമായുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

‘ഫീനിക്‌സ് 2023’, ‘അകാല്‍ വിളക്ക് പതിപ്പകം’ എന്നിങ്ങനെയാണ് ഈ പുസ്തകങ്ങളില്‍ പ്രസാധകരുടെ പേര് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്തു. മുമ്പ് കേട്ടുകേള്‍വി പോലുമില്ലാത്തവയാണ് ഈ രണ്ട് പ്രസാധകരും. ഇവരുടെ വിലാസമോ മറ്റ് വിവരങ്ങളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ന്യൂസ് മിനുറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ലൈബ്രറി കാറ്റലോഗുകള്‍ സൂക്ഷ്മമായി പരിശോധിക്കുകയും, ഈ പുസ്തകങ്ങള്‍ക്കായി നല്‍കിയിട്ടുള്ള ഐ.എസ്.ബി.എന്‍ (ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ബുക്ക് നമ്പര്‍) പരിശോധിക്കുകയും ചെയ്തപ്പോള്‍ നിരവധി പൊരുത്തക്കേടുകള്‍ കണ്ടെത്തി. ചില ഐ.എസ്.ബി.എന്‍ തികച്ചും വ്യത്യസ്തമായ പുസ്തകങ്ങളുടേതും മറ്റ് രചയിതാക്കളുടേതുമാണ്. ചിലതാകട്ടെ നിലവിലില്ലാത്തവയുമാണ്,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ലൈബ്രറികളിലേക്ക് പുസ്തകങ്ങള്‍ വാങ്ങിയതില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന്, പബ്ലിക് ലൈബ്രറീസ് ഡയറക്ടറേറ്റിലെ അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരെ സംസ്ഥാന സര്‍ക്കാര്‍ ഞായറാഴ്ച സസ്‌പെന്‍ഡ് ചെയ്തതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ക്രമക്കേടുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും, വിജിലന്‍സ് ആന്‍ഡ് ആന്റി-കറപ്ഷന്‍ ഡയറക്ടറേറ്റിനോട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി എ. രാജമോഹന്റെ നിര്‍ദ്ദേശപ്രകാരം ഈ നടപടി ഉണ്ടായിരിക്കുന്നത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ കോയമ്പത്തൂരില്‍ ഉദ്ഘാടനം ചെയ്ത പെരിയാര്‍ അറിവകം എന്ന പബ്ലിക് ലൈബ്രറിയില്‍ സംശയാസ്പദമായ പുസ്തകങ്ങളുണ്ടെന്ന് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ അടുത്തിടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇതോടെയാണ് സംസ്ഥാനത്തെ ലൈബ്രറികളിലെ വ്യാജ പുസ്തകങ്ങളുടെ സാന്നിദ്ധ്യം ചര്‍ച്ചയായത്.

കോയമ്പത്തൂരിന് പുറമെ മറ്റ് ജില്ലകളിലെ ലൈബ്രറികളിലും വ്യാജ പുസ്തകങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തി. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ലൈബ്രറികളില്‍ ഓഡിറ്റ് നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്തുടനീളമുള്ള വിവിധ ലൈബ്രറികളില്‍ നിന്ന് 70,674 പുസ്തകങ്ങള്‍ നീക്കം ചെയ്‌തെന്ന് ന്യൂസ് മിനുറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പെരിയാര്‍ അറിവുലകത്തിലെ വ്യാജ പുസ്തകങ്ങളെക്കുറിച്ച് പെരുമാള്‍ മുരുകന്‍ ഈ മാസം ആറിന് ഓണ്‍ലൈനില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. പല പുസ്തകങ്ങളിലും വസ്തുതാപരമായ പിശകുകളും, സംശയാസ്പദമായ ചരിത്ര അവകാശവാദങ്ങളും, തെറ്റായ വിവരങ്ങളും അടങ്ങിയിട്ടുണ്ടെന്ന് കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. പുസ്തകങ്ങള്‍ എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ചതാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

സുബ്രഹ്‌മണ്യ ഭാരതിയുടേതെന്ന് അവകാശപ്പെടുന്ന, എന്നാല്‍ അദ്ദേഹം എഴുതിയതാകാന്‍ സാധ്യതയില്ലാത്ത കഥകള്‍ താന്‍ ലൈബ്രറിയില്‍ കണ്ടതായി പെരുമാള്‍ മുരുകന്‍ തന്റെ കുറിപ്പില്‍ പറഞ്ഞു. സംഘകാല കൃതിയായ ‘മധുരൈ കാഞ്ചി’യുടെ രചയിതാവായി ‘മധുരൈ കൂഴത്തിപ് പെരുവാഴുതി’യെ തെറ്റായി രേഖപ്പെടുത്തി. എന്നാല്‍ ആ പുസ്തകത്തിന്റെ രചയിതാവ് മാങ്കുടി മരുതനാരാണെന്നും പെരുമാള്‍ മുരുകന്‍ ചൂണ്ടിക്കാട്ടുന്നു.

പെരിയാര്‍ അറിവുലക’ത്തില്‍ ‘അഗല്‍ വിളക്ക് പതിപ്പകം’ പ്രസിദ്ധീകരിച്ച ഏകദേശം 1,800-ഓളം സംശയാസ്പദമായ പുസ്തകങ്ങളും, ‘ഫീനിക്‌സ് 2023’ പ്രസിദ്ധീകരിച്ച 100-ലധികം പുസ്തകങ്ങളും താന്‍ കണ്ടെത്തിയതായും പെരുമാള്‍ മുരുകന്‍ അറിയിച്ചിരുന്നു,

ഈ മാസം എട്ടിന് സതീഷ്‌കുമാര്‍ എസ്, പ്രേംകുമാര്‍ ആര്‍ എന്നീ തമിഴ് ഗവേഷകര്‍ മധുരയിലെ ‘കലൈഞ്ജര്‍ സെന്റിനറി ലൈബ്രറി’യിലും സമാന പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായി പറഞ്ഞിരുന്നു. ഫീനിക്‌സ് 2023 പ്രസിദ്ധീകരിച്ച നൂറുകണക്കിന് ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഈ ലൈബ്രറിയിലുള്ളതായാണ് അവര്‍ പറഞ്ഞത്. പുസ്തകങ്ങളുടെ ഐ.എസ്.ബി.എന്‍ പരിശോധിച്ചപ്പോഴാണ് കൃത്രിമം കണ്ടെത്തിയതെന്നും അവര്‍ വ്യക്തമാക്കി.

ചെന്നൈയിലെ അണ്ണാ സെന്റിനറി ലൈബ്രറി, മധുരയിലെ കലൈഞ്ജര്‍ സെന്റിനറി ലൈബ്രറി എന്നിവയുടെ ഓണ്‍ലൈന്‍ കാറ്റലോഗുകള്‍ പരിശോധിച്ചപ്പോള്‍ അവയില്‍ സംശയാസ്പദമായ നിരവധി പുസ്തകങ്ങള്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറും പബ്ലിക് ഇന്‍ട്രസ്റ്റ് ടെക്‌നോളജിസ്റ്റുമായ ശ്രീകാന്ത് എന്നയാള്‍ കണ്ടെത്തിയതായി ന്യൂസ് മിനുറ്റ് റിപ്പോര്‍ട്ട് ചെയ്തു. നിലവിലില്ലാത്ത രചയിതാക്കളുടെ പേരുകളും ഈ കാറ്റലോഗില്‍ കണ്ടെത്തി.

Content Highlight: Fake Books in Tamil Nadu Libraries, AI slop

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related