18
November, 2026

A News 365Times Venture

18
Wednesday
November, 2026

A News 365Times Venture

എന്‍വിദിയയുടെ തലപ്പത്തേക്ക് മടങ്ങി വരാന്‍ തയ്യാര്‍; നിക്ഷേപകര്‍ അടക്കമുള്ളവര്‍ അത് ആവശ്യപ്പെടുന്നതായി ഹുവാങ്

Date:

ന്യൂയോര്‍ക്ക്: എന്‍വിദിയയുടെ നേതൃസ്ഥാനത്തേക്ക് താന്‍ വീണ്ടും മടങ്ങി വരണമെന്ന് ജീവനക്കാരും നിക്ഷേപകരും ബിസിനസ് പങ്കാളികളും ഉപഭോക്താക്കളും തന്നോട് ആവശ്യപ്പെടുന്നതായി കമ്പനിയുടെ മുന്‍ സി.ഇ.ഒ ജെന്‍സണ്‍ ഹുവാങ്. ഇത്തരമൊരു ആവശ്യം ശക്തമായ സാഹചര്യത്തില്‍, താന്‍ വീണ്ടും ആ സ്ഥാനത്തേക്ക് വരാന്‍ തയ്യാറാണെന്നും ഹുവാങ് വ്യക്തമാക്കി. ഇന്ന് (നവംബര്‍ 17, ചൊവ്വ) എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഈ കാര്യം അവകാശപ്പെട്ടത്.

ചൈനീസ് ചാരയെന്ന് ആരോപിക്കപ്പെടുന്നയാളുമായി ഹുവാങിന് ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് അദ്ദേഹത്തെ എന്‍വിഡിയ ഡയരക്ടര്‍ ബോര്‍ഡ് സി.ഇ.ഒ സ്ഥാനത്ത് നിന്ന് പുറത്താക്കുകയായിരുന്നു. സി.ഇ.ഒ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട് ഏതാനും ദിവസത്തിനുള്ളിലാണ് ഹുവാങ് പുതിയ അവകാശ വാദം ഉന്നയിക്കുന്നത്.

ഓഹരിയുടമകള്‍ക്കും ജീവനക്കാര്‍ക്കും കമ്പനിക്കും അമേരിക്കയ്ക്കും എന്റെ തിരിച്ചുവരവ് ഗുണകരമാണെന്ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനിക്കുകയാണെങ്കില്‍, ഈ ആവശ്യങ്ങള്‍ സ്വീകരിച്ച് സി.ഇ.ഒ ആയി മടങ്ങിയെത്തുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂവെന്നും പ്രസ്താവനയില്‍ ഹുവാങ് പറഞ്ഞു.

‘ഞാന്‍ സ്ഥാനമൊഴിഞ്ഞതിനുശേഷം, എന്‍വിഡിയയിലെ ജീവനക്കാര്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍, ഉപഭോക്താക്കള്‍ എന്നിവരില്‍ നിന്ന് ഞാന്‍ വീണ്ടും സി.ഇ.ഒ ആയി തിരിച്ചുവരണമെന്ന അഭ്യര്‍ത്ഥനകള്‍ ധാരാളമായി ലഭിക്കുന്നുണ്ട്. സാങ്കേതികവിദ്യ, വിപണി, മത്സരം, ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ വെല്ലുവിളികളിലൂടെ കമ്പനി കടന്നുപോകുമ്പോള്‍, പലരും എന്നെ നേരിട്ട് ബന്ധപ്പെടുന്നുണ്ട്.

എന്‍വിഡിയ എന്നത് ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അസാധാരണമായ ഒരു കമ്പനിയാണ്. ഓഹരിയുടമകള്‍ക്കും ജീവനക്കാര്‍ക്കും കമ്പനിക്കും, ഒപ്പം അമേരിക്കയ്ക്കും എന്റെ തിരിച്ചുവരവ് ഗുണകരമാണെന്ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് തീരുമാനിക്കുകയാണെങ്കില്‍, ആ അഭ്യര്‍ത്ഥന സ്വീകരിച്ച് സി.ഇ.ഒ ആയി തിരിച്ചെത്തുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ,’ ഹുവാങ് കുറിച്ചു.

എന്‍വിഡിയയില്‍ എല്ലാവരും പാലിക്കേണ്ട നിലവാരത്തിനൊത്ത് ഉയരാന്‍ തനിക്ക് സാധിച്ചില്ല. തന്റെ വ്യക്തിജീവിതത്തില്‍ ഗുരുതരമായ തെറ്റുകള്‍ സംഭവിച്ചു. ബോര്‍ഡിന് താന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അതില്‍ തനിക്ക് അതിയായ ഖേദമുണ്ടെന്നും മുന്‍ സി.ഇ.ഒ വ്യക്തമാക്കി. തന്റെ തെറ്റുകള്‍ ഞാന്‍ പൂര്‍ണ്ണമായും ഏറ്റുവാങ്ങുന്നു. ബോര്‍ഡ് നടത്തുന്ന സ്വതന്ത്ര അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ ഒരാഴ്ചയായി, സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും, അതുപോലെ ഞാന്‍ നേരില്‍ കണ്ടിട്ടില്ലാത്ത ആളുകളില്‍ നിന്നും ലഭിച്ച സ്‌നേഹവും പിന്തുണയും എന്നെ വല്ലാതെ സ്പര്‍ശിച്ചു. എന്നോടും എന്റെ കുടുംബത്തോടും ദയയും സ്‌നേഹവും കാണിച്ച എല്ലാവര്‍ക്കും നന്ദി. ഇത് എനിക്ക് പറഞ്ഞറിയിക്കാനാവാത്തത്ര വിലപ്പെട്ടതാണ്.

53 വര്‍ഷം മുമ്പാണ് ഞാന്‍ അമേരിക്കയില്‍ എത്തിയത്. ഒരു അമേരിക്കന്‍ പൗരനാകാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളില്‍ ഒന്നാണ്, അതീവ അഭിമാനകരമായ നിമിഷവുമാണ്. എന്റെ ജീവിതകാലത്തെ പ്രധാന പ്രവര്‍ത്തനമാണ് എന്‍വിഡിയ.

എന്റെ സഹപ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന്, ഇന്നത്തെ നിലയിലേക്ക് എന്‍വിഡിയയെ വളര്‍ത്താന്‍ സാധിച്ചത് എനിക്ക് ലഭിച്ച വലിയൊരു ബഹുമതിയും ഭാഗ്യവുമാണ്. അമേരിക്കയില്‍ അല്ലാതെ മറ്റൊരിടത്തും എന്‍വിഡിയയെപ്പോലൊരു കമ്പനി കെട്ടിപ്പടുക്കാന്‍ സാധിക്കുമായിരുന്നില്ല. ഞാന്‍ എന്റെ ഈ രാജ്യത്തെയും, എന്‍വിഡിയയെയും ഒരുപോലെ സ്‌നേഹിക്കുന്നു.

നല്ല ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. നിങ്ങളുടെ പിന്തുണയില്‍ ഞാന്‍ അതീവ കൃതജ്ഞനാണ്. എന്റെ കുടുംബത്തോട്: ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. എന്റെ ബാക്കിയുള്ള ജീവിതം, നിങ്ങളുടെ സ്‌നേഹത്തിന് അര്‍ഹനായ ഒരാളായി ജീവിക്കാന്‍ ഞാന്‍ വിനിയോഗിക്കും,’ ഹുവാങ് കുറിച്ചു.

ഇതിനിടെ, ഡിസംബര്‍ ഒന്നിന് താന്‍ നേരിട്ടെത്തി ചോദ്യം ചെയ്യലുകള്‍ക്ക് വിധേയനാകാമെന്ന് ഹുവാങ് സമ്മതിച്ചതായി യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിലെ പ്രമുഖ നിയമനിര്‍മ്മാതാക്കള്‍ അറിയിച്ചതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍വിഡിയയുടെ ജനറല്‍ കൗണ്‍സല്‍ ടിം ടെറ്റര്‍ അടുത്ത ദിവസം സമിതികള്‍ക്ക് മുന്നില്‍ ഹാജരാകാന്‍ നിശ്ചയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഹുവാങ്ങിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ, ദേശീയ സുരക്ഷയും ആഗോള വ്യാപാര നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി ഒരു പുതിയ ബോര്‍ഡ് കമ്മിറ്റി രൂപീകരിച്ചതായി എന്‍വിഡിയ ചൊവ്വാഴ്ച അറിയിച്ചു. നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് എക്സ്പോര്‍ട്ട് കണ്‍ട്രോള്‍ ഓവര്‍സൈറ്റ് കമ്മിറ്റി എന്ന ഈ സമിതി, കമ്പനിയുടെ ദേശീയ സുരക്ഷാ നയങ്ങളും കയറ്റുമതി നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കും.

Content Highlight: Jensen Huang says he is willing to return as Nvidia CEO amid US national security scrutiny

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related