അമേരിക്കയിലെ മിനസോട്ടയില്‍ ഉപജീവനത്തിനായി ഊബര്‍ ഓടിച്ചിരുന്ന സൊമാലിയന്‍ മുസ്‌ലിം യുവാവായ മുഹമ്മദ് യൂസഫ് ഇപ്പോള്‍ ആശുപത്രിയില്‍ ജീവനുവേണ്ടി പോരാടുകയാണ്. ഒരു യാത്രക്കാരന്‍ കാറിന്റെ പിന്നില്‍നിന്ന് കഴുത്തുഞെരിച്ച് ആക്രമിക്കുകയും പിന്നീട് യൂസഫിന്റെ വാഹനത്തിന്റെ നിയന്ത്രണം കൈക്കലാക്കി പലതവണ ഇടിച്ചുകയറ്റുകയുമായിരുന്നു. ആക്രമണത്തിന് പിന്നില്‍ മുസ്‌ലിം വിരുദ്ധവും സൊമാലി വിരുദ്ധവുമായ വിദ്വേഷമാണെന്നാണ് കുടുംബം പറയുന്നത്.
മിനിയാപൊളിസിന്റെ പ്രാന്തപ്രദേശമായ ഹോപ്കിന്‍സില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കാറില്‍ യാത്ര ചെയ്യവേ യാത്രക്കാരനായ ഒരാള്‍ ആദ്യം അദ്ദേഹത്തിന്റെ പേര് ചോദിച്ചു. മുഹമ്മദ് എന്ന് പേര് പറഞ്ഞതോടെ ആ പേര് കേള്‍ക്കുന്നതേ ഇഷ്ടമല്ലെന്നായിരുന്നു യാത്രക്കാരന്‍ പറഞ്ഞത്.തുടര്‍ന്ന് കാറിന്റെ പിന്നില്‍നിന്ന് യൂസഫിനെ ശ്വാസം മുട്ടിക്കുകയും വാഹനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും പലതവണ വാഹനം ഇടിച്ചുകയറ്റുകയും ചെയ്തു.
ആക്രമണത്തിന് പിന്നാലെ ഒരു മൈല്‍ അകലെയുള്ള കുഴിയില്‍ നിന്നാണ് യൂസഫിനെ കണ്ടെത്തിയത്. കാലുകളും വാരിയെല്ലുകളും ഒടിഞ്ഞിരുന്നു. രണ്ട് ശ്വാസകോശങ്ങളും തകര്‍ന്ന നിലയിലായിരുന്നു. നട്ടെല്ലിന് പരിക്കേല്‍ക്കുകയും ആന്തരിക രക്തസ്രാവമുണ്ടാകുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പൊലീസ് എത്തി യൂസഫിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ 1.20 ഓടെ സംശയാസ്പദമായ വാഹനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരാണ് ഗുരുതരമായി പരിക്കേറ്റ ഒരാളെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി ഹോപ്കിന്‍സ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന്റെ കാരണം എന്താണെന്നോ സംഭവത്തെ വിദ്വേഷ കുറ്റകൃത്യമായി അന്വേഷിക്കുന്നുണ്ടോയെന്നോ പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
‘മുഹമ്മദ് എന്ന് പേരുള്ള ആളുകളെ വെറുപ്പാണ്’
മുഹമ്മദ് യൂസഫിനെ ആക്രമിച്ച യാത്രക്കാരന്‍ മുഹമ്മദ് എന്ന പേര് കേട്ടതിനു പിന്നാലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് കുടുംബം ചൂണ്ടിക്കാട്ടുന്നത്. യൂസഫിന്റെ ബന്ധുക്കളില്‍ ഒരാള്‍ എക്‌സില്‍ പങ്കുവെച്ചവെച്ചത് ഇങ്ങനെയാണ്.
‘മുഹമ്മദ് എന്ന പേര് കേട്ടപ്പോള്‍ തന്നെ യാത്രക്കാരന്‍ വെറുപ്പ് പ്രകടിപ്പിച്ചു. മുസ്‌ലിം വിരുദ്ധവും സൊമാലി വിരുദ്ധവുമായ പരാമര്‍ശങ്ങളിലൂടെ ഇത്തരം വിദ്വേഷം വളര്‍ത്തുന്ന നമ്മുടെ സര്‍ക്കാരിനോട് എനിക്ക് കടുത്ത അമര്‍ഷമുണ്ട്.’
സംഭവസമയത്ത് യൂസഫ് ഒരു കുടുംബാംഗവുമായി ഫോണില്‍ സംസാരിച്ചിരുന്നതായി കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സിന്റെ (CAIR) മിനസോട്ട ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജെയ്ലാനി ഹുസൈന്‍ പറഞ്ഞു. ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് അന്വേഷണം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവം സൊമാലി, മുസ്‌ലിം അമേരിക്കന്‍ സമൂഹങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയും രോഷവും സൃഷ്ടിച്ചിട്ടുണ്ട്. ആക്രമണം വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കി അന്വേഷിക്കണമെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
വിദ്വേഷാന്തരീക്ഷം വളര്‍ത്തുന്ന രാഷ്ട്രീയ പ്രസ്താവനകള്‍
അമേരിക്കയിലെ സൊമാലി-അമേരിക്കന്‍ സമൂഹം കടുത്ത വിദ്വേഷ പ്രചാരണങ്ങള്‍ നേരിടുന്ന സാചര്യത്തില്‍ കൂടിയാണ് മുഹമ്മദ് യൂസഫിനെതിരായ ആക്രമണം നടക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ സൊമാലി-അമേരിക്കന്‍ സമൂഹങ്ങളിലൊന്നാണ് മിനസോട്ടയിലുള്ളത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ രാഷ്ട്രീയ പ്രസംഗങ്ങളിലും പരാമര്‍ശങ്ങളിലും സൊമാലിയന്‍ കുടിയേറ്റക്കാരെ ആവര്‍ത്തിച്ച് ലക്ഷ്യം വെച്ചിട്ടുണ്ട്. മിനസോട്ടയിലെ റിപ്പബ്ലിക്കന്‍ നേതാക്കളും സൊമാലി സമൂഹത്തെക്കുറിച്ച് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.
‘സൊമാലിയയിലെ ആഭ്യന്തരയുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ മിനസോട്ടയിലും എത്തിയിട്ടുണ്ടെ’ന്ന് ഹൗസ് മെജോറിറ്റി വിപ്പ് ടോം എമ്മര്‍ അടുത്തിടെ ഒരു പോഡ്കാസ്റ്റില്‍ അവകാശപ്പെട്ടിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ സൊമാലി സമൂഹത്തിനെതിരായ വിദ്വേഷം വര്‍ധിപ്പിക്കുന്നുണ്ട്.
ആക്രമണത്തിന് പിന്നില്‍ സൊമാലി വിരുദ്ധ രാഷ്ട്രീയ അന്തരീക്ഷത്തിന് പങ്കുണ്ടെന്ന് CAIR മിനസോട്ട എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജെയ്ലാനി ഹുസൈന്‍ പറഞ്ഞു. തിങ്കളാഴ്ച ഹെന്നെപിന്‍ കൗണ്ടി മെഡിക്കല്‍ സെന്ററിന് പുറത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒന്നര വര്‍ഷത്തിലേറെയായി അമേരിക്കയിലുടനീളമുള്ള മുസ്‌ലിങ്ങള്‍ പ്രത്യേകിച്ച് മിനസോട്ടയിലെ സൊമാലി-അമേരിക്കന്‍ സമൂഹം, ഭയവും വിദ്വേഷവും മതഭ്രാന്തും നിറഞ്ഞ അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്. അവരെ മനുഷ്യരായി പോലും കാണുന്നില്ല,’ ഹുസൈന്‍ പറഞ്ഞു.
കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമര്‍ ഉള്‍പ്പെടെയുള്ള സൊമാലി അമേരിക്കക്കാര്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുന്നതില്‍ ട്രംപിനും ചില പ്രാദേശിക രാഷ്ട്രീയക്കാര്‍ക്കും ഓണ്‍ലൈനിലെ വിദ്വേഷ പ്രചാരകര്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇന്ന് നാം ജീവിക്കുന്ന ഈ വിദ്വേഷാന്തരീക്ഷം ചിലരുടെ പരാമര്‍ശങ്ങളിലൂടെയാണ് സൃഷ്ടിക്കപ്പെട്ടത്. ഇവിടെ നടന്ന ക്രൂരമായ ആക്രമണത്തിന് അതും ഒരു കാരണമായെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.’
പൊലീസ് ഇപ്പോഴും തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഹോപ്കിന്‍സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടണമെന്നും ഹുസൈന്‍ ആവശ്യപ്പെട്ടു.
‘സംഭവം നടക്കുമ്പോള്‍ മുഴുവന്‍ സമയവും മുഹമ്മദ് യൂസഫ് ഒരു കുടുംബാംഗവുമായി ഫോണില്‍ സംസാരിച്ചിരുന്നതായി ഞങ്ങള്‍ക്കറിയാം. ഇതുസംബന്ധിച്ച് ഇതുവരെ എന്തെല്ലാം വിവരങ്ങളാണ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടതെന്ന് എനിക്കറിയില്ല. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്നാണ് ഞങ്ങള്‍ കരുതുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നമ്മള്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ക്രൂരമായ ആക്രമണങ്ങളിലൊന്നാണിത്. ഈ സംഭവം ഞങ്ങളെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്. ഈ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഞങ്ങള്‍ക്കറിയാം. വിദ്വേഷം വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷത്തിലാണ് ഇത് സംഭവിച്ചത്,’ ഹുസൈന്‍ പറഞ്ഞു.
ഇല്‍ഹാന്‍ ഉമറിന്റെ വിമര്‍ശനം; സൊമാലി സമൂഹത്തിന് പിന്തുണ
ആക്രമണത്തെ യു.എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമറും അപലപിച്ചു. സൊമാലി-അമേരിക്കന്‍ സമൂഹത്തെ മനുഷ്യത്വരഹിതമായി ചിത്രീകരിക്കുന്ന പ്രചരണങ്ങള്‍ തുടര്‍ന്നാല്‍ അതിനുണ്ടായേക്കാവുന്ന പ്രത്യാഘാതം വലുതായിരിക്കും.
വംശീയ വിദ്വേഷം മൂലമുണ്ടാകുന്ന ഇത്തരം ക്രൂരമായ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല. വ്യക്തിത്വത്തിന്റെ പേരില്‍ ആരും ഭയന്ന് ജീവിക്കേണ്ടിവരരുത്. സമൂഹങ്ങളെ ഭിന്നിപ്പിക്കുന്ന വിദ്വേഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം,’ അവര്‍ ആവശ്യപ്പെട്ടു.
പ്രമുഖ മുസ്‌ലിം-അമേരിക്കന്‍ പണ്ഡിതന്‍ ഉമര്‍ സുലൈമാനും മുഹമ്മദ് യൂസഫിനെതിരായ ആക്രമണത്തിനെതിരെ രംഗത്തെത്തി. സൊമാലിയന്‍ സമൂഹത്തെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങള്‍ പതിവാകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കുടുംബത്തെ പോറ്റുന്നതിനായി ജോലിക്ക് പോയ മുഹമ്മദ് യൂസഫ് ഇപ്പോള്‍ ജീവനുവേണ്ടി പോരാടുകയാണെന്നും അദ്ദേഹത്തിന്റെ രോഗശാന്തിക്കായി പ്രാര്‍ഥിക്കുകയാണെന്നും സുലൈമാന്‍ പറഞ്ഞു. ‘വിദ്വേഷം പ്രചരിപ്പിക്കുന്നവരും അതിന്റെ പേരില്‍ അക്രമം നടത്തുന്നവരും ഉത്തരവാദിത്തം ഏറ്റെടുക്കണം,’ അദ്ദേഹം ആവശ്യപ്പെട്ടു.
മിനസോട്ട സംസ്ഥാന സെനറ്റര്‍ ഉമര്‍ ഫത്തേയും ആക്രമണത്തെ അപലപിച്ചു. വിഷയത്തില്‍ അടിയന്തരവും സുതാര്യവുമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുടുംബത്തോടൊപ്പം സുരക്ഷിതനായി വീട്ടിലിരിക്കേണ്ടിയിരുന്ന ആള്‍ക്കാണ് ഇപ്പോള്‍ ‘സൊമാലിയന്‍ സ്വത്വത്തോടുള്ള വിദ്വേഷം മൂലമുണ്ടായ ആക്രമണത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ പോരാടേണ്ടിവരുന്നത്,’ ഉമര്‍ ഫത്തേ എക്‌സില്‍ കുറിച്ചു.
മിനിയാപൊളിസ് മേയര്‍ ജേക്കബ് ഫ്രേ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും നേതാക്കളും റൈഡ് ഷെയര്‍ ഡ്രൈവര്‍മാരും പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലും ആക്രമണത്തെ വിദ്വേഷ കുറ്റകൃത്യമായി കണ്ട് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നു.
1.4 ലക്ഷം ഡോളര്‍ സമാഹരിച്ച് GoFundMe
മുഹമ്മദ് യൂസഫിന്റെ ചികിത്സയ്ക്കും കുടുംബത്തെ സഹായിക്കുന്നതിനുമായി ആരംഭിച്ച GoFundMe ക്യാമ്പയിനില്‍ ഞായറാഴ്ചയോടെ 1.4 ലക്ഷം ഡോളറിലധികം സമാഹരിച്ചിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് മുഹമ്മദ് യൂസഫിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
സംഭവത്തില്‍ ഞെട്ടലും ഭയവും രേഖപ്പെടുത്തി ഊബറും രംഗത്തെത്തി. യൂസഫിനെ ആക്രമിച്ചെന്ന് സംശയിക്കുന്ന യാത്രക്കാരനെ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് വിലക്കിയതായും അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.
മുഹമ്മദ് യൂസഫ് അര്‍പ്പണബോധമുള്ള ഒരു പിതാവും കഠിനാധ്വാനിയുമായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. കുടുംബം പോറ്റുന്നതിനായി ജോലിക്കിറങ്ങിയ അദ്ദേഹം സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങേണ്ടയാളായിരുന്നു. എന്നാല്‍ ആ യാത്ര അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റി. ഞങ്ങള്‍ക്ക് നീതി വേണം, ഞങ്ങള്‍ക്ക് യൂസഫിനെ തിരികെ വേണം,’ കുടുംബം പറയുന്നു.
Somali-American Uber driver left in coma after alleged hate crime in Minnesota




