21
November, 2026

A News 365Times Venture

21
Saturday
November, 2026

A News 365Times Venture

ചൈനയുടെ സാമ്പത്തിക മുന്നേറ്റം അംഗീകരിക്കാൻ അമേരിക്കയ്ക്ക് പ്രയാസമാണ്; ലോകം ബഹുധ്രുവ വ്യവസ്ഥയിലേക്ക് നീങ്ങുന്നുവെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻ ജോസഫ് ഇ. സ്റ്റിഗ്ലിറ്റ്സ്

Date:

ന്യൂദൽഹി: പർച്ചേസിംങ് പവർ പാരിറ്റി (PPP – വാങ്ങൽ ശേഷി തുല്യത) അടിസ്ഥാനത്തിൽ തങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയല്ല എന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ അമേരിക്കയ്ക്ക് പ്രയാസമാണെന്ന് നൊബേൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. ജോസഫ് ഇ. സ്റ്റിഗ്ലിറ്റ്സ്.

നവംബർ 14-ന് ദൽഹിയിൽ നടന്ന 24-ാമത് ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് ഉച്ചകോടിയിൽ അർത്ഥ ഗ്ലോബൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നിരഞ്ജൻ രാജാധ്യക്ഷയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം ഒരു ബഹുധ്രുവ വ്യവസ്ഥയിലേക്ക് (multipolarity) മാറിക്കൊണ്ടിരിക്കുകയാണെന്നും, കഴിഞ്ഞ ദശകത്തിൽ പി.പി.പി അടിസ്ഥാനത്തിൽ ചൈന അമേരിക്കയുടെ ജി.ഡി.പിയെ മറികടന്നതാണ് ആഗോള സാമ്പത്തിക ക്രമത്തിലെ ഏറ്റവും വലിയ മാറ്റമെന്നും 1997 മുതൽ 2000 വരെ ലോകബാങ്കിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന സ്റ്റിഗ്ലിറ്റ്സ് വ്യക്തമാക്കി.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്ക ഒരു ഏകധ്രുവ ശക്തിയായിരുന്നുവെന്നും, എന്നാൽ ഒരു ദശാബ്ദം മുമ്പ് തന്നെ പി.പി.പി അടിസ്ഥാനത്തിൽ ചൈനയുടെ ജി.ഡി.പി അമേരിക്കയെ മറികടന്നിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടാം സ്ഥാനത്തായെന്ന് സമ്മതിക്കാൻ അമേരിക്കയോ, ഒന്നാമതെത്തിയെന്ന് പരസ്യമായി അവകാശപ്പെടാൻ ചൈനയോ അന്ന് തയ്യാറായില്ല. നിലവിൽ ചൈനയുടെ വളർച്ചാ നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും 4.5-5 ശതമാനം എന്നത് അമേരിക്കയുടേതിന്റെ ഏകദേശം ഇരട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) 2026 ഒക്ടോബറിലെ റിപ്പോർട്ട് പ്രകാരം നോമിനൽ ജി.ഡി.പിയിൽ അമേരിക്ക (32.64 ട്രില്യൺ ഡോളർ) മുന്നിലാണെങ്കിലും, പി.പി.പി അടിസ്ഥാനത്തിൽ ചൈന (44.6 ട്രില്യൺ ഡോളർ) അമേരിക്കയേക്കാൾ (32.6 ട്രില്യൺ ഡോളർ) ഏറെ മുന്നിലാണ്. ഈ വർഷം ചൈനയ്ക്ക് 4.5 ശതമാനവും അമേരിക്കയ്ക്ക് 2.3 ശതമാനവുമാണ് ഐ.എം.എഫ് വളർച്ച പ്രവചിക്കുന്നതെന്ന് സ്റ്റിഗ്ലിറ്റ്സ് വ്യക്തമാക്കി.

ഒരു കയറ്റുമതി വൻശക്തിയെന്ന നിലയിലുള്ള ചൈനയുടെ വളർച്ച തുടക്കത്തിൽ അമേരിക്കയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സഹായിച്ചിരുന്നതായും, എന്നാൽ ഇത്രയും വലിയൊരു എതിരാളിയായി ചൈന മാറുമെന്ന് ആരും കരുതിയിരുന്നില്ലെന്നും സ്റ്റിഗ്ലിറ്റ്സ് പറഞ്ഞു.

അതേസമയം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ വരും വർഷങ്ങളിൽ അമേരിക്കയുടെ ആഗോള സ്ഥാനത്തിന് വലിയ അനിശ്ചിതത്വമുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

‘ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെ, പ്രത്യേകിച്ച് ഇന്ത്യക്കാരെ ആകർഷിച്ചിരുന്ന അമേരിക്കൻ സർവകലാശാലകൾ, ഗവേഷണം, ശാസ്ത്രം എന്നീ മേഖലകളിൽ ട്രംപ് ഭരണകൂടം കടന്നുകയറ്റം നടത്തുകയാണ്. വിദേശ വിദ്യാർത്ഥി വിസകൾക്ക് സമയപരിധി നിശ്ചയിച്ചതും, എച്ച്1ബി (H1B) വിസ ഫീസ് കുത്തനെ കൂട്ടിയതും, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം 15 ശതമാനമായി പരിമിതപ്പെടുത്താൻ ശ്രമിച്ചതുമെല്ലാം ഇതിന്റെ ഭാഗമാണ്. ഈ നടപടികളിൽ ചിലത് അമേരിക്കൻ കോടതികൾ തടഞ്ഞിട്ടുണ്ട്.’ അദ്ദേഹം പറഞ്ഞു.

ട്രംപിന് കീഴിൽ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണിപ്പെടുത്തൽ സ്വഭാവത്തിനെതിരെ ലോകത്തിലെ മറ്റ് രാജ്യങ്ങൾ, പ്രത്യേകിച്ച് ഇടത്തരം ശക്തികൾ ഒന്നിച്ച് നിൽക്കണമെന്ന് സ്റ്റിഗ്ലിറ്റ്സ് ആവശ്യപ്പെട്ടു.

അമേരിക്കയിൽ അടുത്തിടെ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ഗുണം ചെയ്തത് ഇതാണെന്ന് വിലയിരുത്തിയ അദ്ദേഹം, സ്ത്രീകൾ പുരോഗമന രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നത് തുടരുമ്പോഴും 35 വയസിന് താഴെയുള്ള പുരുഷന്മാർക്കിടയിൽ വലതുപക്ഷ രാഷ്ട്രീയം വളരുന്നതിൽ ആശങ്കയും രേഖപ്പെടുത്തി.

Content Highlight:It is difficult for the United States to accept China’s economic rise; the world is moving toward a multipolar system, says economist Joseph E. Stiglitz.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related