ന്യൂദല്‍ഹി: 2026 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്ന് അപ്ലോഡ് ചെയ്ത 34.4 ലക്ഷം (3,441,973) വീഡിയോകള്‍ യൂട്യൂബ് റിമൂവ് ചെയ്തു. ഒരു രാജ്യത്ത് നിന്ന് യൂട്യൂബ് റിമൂവ് ചെയ്യുന്ന ഏറ്റവും കൂടുതല്‍ വീഡിയോയുടെ കണക്കുകളില്‍ ഒന്നാമതാണിതെന്ന് ഇന്ത്യ ടു ഡേയും സ്റ്റോറി ബോര്‍ഡ് 18 റിപ്പോര്‍ട്ട് ചെയ്തു.
കണക്കുകളില്‍ അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. 1,240,512 വീഡിയോകളാണ് യു.എസില്‍ നിന്ന് നീക്കം ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള യു.എസിനേക്കാള്‍ ഏതാണ്ട് 22.4 ലക്ഷം കൂടുതലാണ് ഇന്ത്യയുടെ കണക്കുകള്‍.
915,923 വീഡിയോകളുമായി ഇന്തോനേഷ്യ മൂന്നാം സ്ഥാനത്തും, 841,803 വീഡിയോകളുമായി ബ്രസീല്‍ നാലാം സ്ഥാനത്തുമാണ്. 316,775 വീഡിയോകളുമായി ബംഗ്ലാദേശ് ലിസ്റ്റില്‍ അഞ്ചാമതാണ്.
ആഗോള തലത്തില്‍ യൂട്യൂബില്‍ നിന്ന് 68.2 ശതമാനം വീഡിയോകള്‍ നീക്കാന്‍ ചെയ്യാന്‍ കാരണമായത് കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ്. 11.3 ശതമാനം വീഡിയോ ഒഴിവാക്കിയത് ഹറാസ്മെന്റും സൈബര്‍ ബുള്ളിങ്ങും മുന്‍നിര്‍ത്തിയാണ്. നീക്കം ചെയ്ത വീഡിയോകളില്‍ 98.6 ശതമാനവും യൂട്യൂബിന്റെ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ കണ്ടെത്തിയാണ് ഫ്ളാഗ് ചെയ്തത്.
വീഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഐ.പി അഡ്രസുകള്‍ വഴിയാണ് യൂട്യൂബ് രാജ്യത്തെ തിരിച്ചറിയുന്നത്. മാത്രമല്ല ഏപ്രില്‍ ജൂണ്‍ കാലയളവില്‍ 2,732,395 ചാനലുകളും യൂട്യൂബ് റിമൂവ് ചെയ്തിട്ടുണ്ടെന്ന് ഗൂഗിളിന്റെ യൂട്യൂബ് കമ്മ്യൂണിറ്റി ഗെയ്ഡ്ലൈന്‍സ് ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ചാനല്‍ അവസാനിപ്പിക്കുമ്പോള്‍ അതിലെ എല്ലാ വീഡിയോകളും നീക്കം ചെയ്യപ്പെടുമെന്ന് പ്ലാറ്റ്ഫോം അറിയിച്ചു.
ഗൂഗിളിന്റെ സുതാര്യതാ റിപ്പോര്‍ട്ട് പ്രകാരം 2026 ജനുവരി മുതല്‍ ജൂണ്‍ വരെ ഇന്ത്യന്‍ കോടതികളില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുമായി ലഭിച്ച 4,006 ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതിയില്‍ 3,399 എണ്ണവും യൂട്യൂബിനെതിരെയായിരുന്നു.
ഗൂഗിളിന്റെ വിവിധ സേവനങ്ങളിലായി ഇന്ത്യയില്‍ നിന്നുള്ള നീക്കം ചെയ്യല്‍ പരാതി മുന്‍ ആറുമാസത്തെ അപേക്ഷിച്ച് 61 ശതമാനം വര്‍ധിച്ച് 65,091 ഉള്ളടക്കങ്ങളിലെത്തി.
ഇന്ത്യയില്‍ നിന്നുള്ള പരാതി 72 ശതമാനത്തോളം (2,870) പൊലീസില്‍ നിന്നും 695 എണ്ണം കോടതികളില്‍ നിന്നുമായിരുന്നു. അപകീര്‍ത്തിപ്പെടുത്തലില്‍ 2130 പരാതികളാണ് ഉണ്ടായിരുന്നത്.
ഇന്ത്യന്‍ അധികൃതരുടെ അഭ്യര്‍ത്ഥനകളെത്തുടര്‍ന്ന് നിയമം ലംഘിച്ചതിന് 19,883 ഉള്ളടക്കങ്ങളും സ്വന്തം നയങ്ങള്‍ ലംഘിച്ചതിന് 1,415 ഉള്ളടക്കങ്ങളും ഗൂഗിള്‍ നീക്കം ചെയ്തു. 19,402 ഉള്ളടക്കങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ല. മതിയായ വിവരങ്ങളില്ലാത്തതിനാല്‍ 17,473 ഉള്ളടക്കങ്ങളില്‍ നടപടിയെടുക്കാനായില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കി. റഷ്യയും സൗത്ത് കൊറിയയും മാത്രമാണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ അഭ്യര്‍ത്ഥനകള്‍ നല്‍കിയത്.
Content Highlight: YouTube removed 3.44 million videos from India over a three-month period




