തിരുവനന്തപുരം: തിരുപ്രംകുണ്ഡ്രം ദീപം തെളിയിക്കലുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ബാബരി മസ്ജിദ് തകര്‍ത്ത ആര്‍.എസ്.എസിന്റെ അജണ്ടയില്‍ പൊള്ളാത്ത സുപ്രീം കോടതിയുടെ നീതിബോധം ഇപ്പോള്‍ പൊള്ളുന്നുവെന്ന് ശിവപ്രസാദ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘തമസോ മാ ജ്യോതിര്‍ഗമയ’ ദീപം സമത്വ പൂര്‍ണമായ നീതിബോധത്തിന്റെ പ്രകാശം ഇന്ത്യയില്‍ ജുഡീഷ്യറിയിലും ഭരണാധികാരികളും മുതല്‍ സാധരണ ജനങ്ങളില്‍ വരെ പരത്തേണ്ടതുണ്ട്,’ ശിവപ്രസാദ് കുറിച്ചു.
തിരുപ്രംകുണ്ഡ്രം വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. കോടതി വിധി സര്‍ക്കാര്‍ അനുസരിച്ചില്ലെന്നും നാളെ തന്നെ ദീപത്തൂണില്‍ ദീപം തെളിയിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് എം. ശിവപ്രസാദിന്റെ പ്രതികരണം.
മധുരയിലെ തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാന്‍ ഉത്തരവുണ്ടായിട്ടും നടപ്പിലാക്കത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി ചോദിച്ചു. വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെയും ക്ഷേത്ര ഭരണ സമിതിക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് സുപ്രീം കോടതി ഉന്നയിച്ചത്.
തമിഴ്നാട് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട കോടതി ജില്ലാ കളക്ടര്‍ക്കും ഡി.ജി.പിക്കും കോടതിയലക്ഷ്യ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ദീപ തൂണില്‍ നാളെ തന്നെ ദീപം തെളിയിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. തമിഴ്നാട്ടില്‍ ഭരണപരമായ കുഴപ്പങ്ങള്‍ ഉണ്ടെന്നും പ്രഥമദൃഷ്ട്യാ കോടതി ഉത്തരവിന്റെ ലംഘനം നടന്നിട്ടുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. നാളെ ദീപം തെളിയിക്കുമ്പോള്‍ സുരക്ഷാ ചുമതല തമിഴ്നാട് പൊലീസില്‍ നിന്ന് മാറ്റി സി.ആര്‍.പി.എഫിന് നല്‍കുകയും ചെയ്തു.
ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഇത്തരം പ്രവണതകളെ നേരിടേണ്ട സമയമായെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച്, അരുള്‍മിഗു സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ട്രസ്റ്റി ബോര്‍ഡിനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തു
ക്ഷേത്ര ഭരണസമിതിയുടെ ഭാഗത്തുനിന്ന് പൂര്‍ണമായ വീഴ്ചയുണ്ടായെന്ന് കാണിച്ച് നിലവിലെ ട്രസ്റ്റി ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്തു. ക്ഷേത്ര ഭരണം ഏറ്റെടുക്കാന്‍ മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് എസ്. വൈദ്യനാഥന്‍, ജസ്റ്റിസ് വി. പാര്‍ത്ഥിബന്‍ എന്നിവരെ റിസീവര്‍മാരായി നിയമിച്ചു. പൂജാരിമാരുമായി ആലോചിച്ച് നാളത്തെ ചടങ്ങുകള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കണം.
ഡി.ജി.പിക്കും കളക്ടര്‍ക്കും പുറമേ ഹിന്ദുമത എന്‍ഡോവ്‌മെന്റ് വകുപ്പ് സെക്രട്ടറി, കമ്മീഷണര്‍, മധുര എസ്.പി, ക്ഷേത്രം സി.ഇ.ഒ, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങി 13 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഡിസംബര്‍ 15-ന് ഇവര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം
തമിഴ്‌നാട്ടില്‍, പ്രത്യേകിച്ച് മധുര ജില്ലയില്‍ ‘ഭരണപരമായ അരാജകത്വമാണ്’ നിലനില്‍ക്കുന്നതെന്ന് ബെഞ്ച് പറഞ്ഞു. ഉദ്യോഗസ്ഥര്‍ തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരുടെ നിര്‍ദേശത്തിനനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി.
Content Highlight: The Supreme Court’s sense of justice—which remained unaffected by the agenda of the RSS, the outfit that demolished the Babri Masjid—is now being singed: M. Sivaprasad




