ന്യൂദല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്‍ ജനങ്ങളുടെ രാഷ്ട്രീയ അധികാരം കവരാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്ന് ശിവസേന (യു.ബി.ടി) എം.പി സഞ്ജയ് റാവത്ത്. 2029ലെ പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഭയക്കുന്ന ബി.ജെ.പി, വനിതാ സംവരണം നടപ്പിലാക്കുന്നതിനൊപ്പം മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി പുനര്‍നിര്‍ണയിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ പാസാക്കുന്നതിനാവശ്യമായ ഭൂരിപക്ഷം ഉറപ്പിക്കാന്‍ എം.പിമാര്‍ക്ക് 150 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് കൂറുമാറ്റത്തിന് ശ്രമം നടക്കുന്നതായും ഇടനിലക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു.
ഈ ബില്ലിനെ പിന്തുണയ്ക്കുന്ന ഏതൊരു പാര്‍ട്ടിയെയും എം.പിയെയും 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാജ്യദ്രോഹികളായി ചരിത്രം അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബാല്‍ താക്കറെ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിലോ ശരദ് പവാര്‍ പൂര്‍ണ ആരോഗ്യവാനായിരുന്നെങ്കിലോ ഇത്തരമൊരു ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ധൈര്യപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ലോക്സഭാ സീറ്റുകളുടെ എണ്ണം 543-ല്‍ നിന്ന് 850 ആയി ഉയര്‍ത്താനും 33% വനിതാ സംവരണം മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധിപ്പിക്കാനുമാണ് 2026-ലെ മണ്ഡല പുനര്‍നിര്‍ണയ ബില്‍ ലക്ഷ്യമിടുന്നത്.
വനിതാ സംവരണത്തെ തത്വത്തില്‍ അംഗീകരിക്കുമ്പോഴും മണ്ഡല പുനര്‍നിര്‍ണയ വ്യവസ്ഥകളെ എതിര്‍ക്കാനാണ് ‘ഇന്ത്യ’ മുന്നണിയുടെ തീരുമാനം. അതേസമയം, റാവത്തിന്റെ 150 കോടി രൂപയുടെ കൈക്കൂലി ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഏക്നാഥ് ഷിന്‍ഡെ വിഭാഗം ശിവസേനയും ബി.ജെ.പി നേതാവ് രാം കദമും തിരിച്ചടിച്ചു.
Content Highlight: Constituency Delimitation Bill is a BJP ploy; those who support it are the greatest traitors of the 21st century: Sanjay Raut




