മാരുതിയും ടൊയോട്ടയും വീണ്ടും കൈകോർക്കുന്നു! പുത്തൻ ഇലക്ട്രിക് കാറിന്റെ പണിപ്പുരയിലെന്ന് കമ്പനികൾ, ചിത്രങ്ങൾ പുറത്ത്
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണി കീഴടക്കാൻ മാരുതി സുസുക്കിയും, ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ടയും വീണ്ടും കൈകോർക്കുന്നു. അത്യാധുനിക ഫീച്ചറുകൾ ഉള്ള ഇലക്ട്രിക് കാർ സംയുക്തമായി പുറത്തിറക്കാനാണ് ഇരുകമ്പനികളും ലക്ഷ്യമിടുന്നത്. നിലവിൽ, പുത്തൻ ഇലക്ട്രിക് കാറിന്റെ കോൺസെപ്റ്റ് മോഡലിന്റെ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. മാരുതി ഉടൻ വിപണിയിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന അർബൻ എസ്യുവിയായ ഇ.വി. എക്സിന്റെ ടൊയോട്ട പതിപ്പ് ആയിരിക്കും പുതുതായി രൂപകൽപ്പന ചെയ്യുക.
മാരുതി ഇ.വി എക്സിനെ പോലെ തന്നെ പുതിയ മോഡലിലും ഏകദേശം 550 കിലോമീറ്റർ റെയ്ഞ്ച് പ്രതീക്ഷിക്കാവുന്നതാണ്. സുസുക്കിയുടെ ഗുജറാത്തിലെ ഫാക്ടറിയിലാണ് പുതിയ മോഡൽ നിർമ്മിക്കാൻ സാധ്യത. പ്രതിവർഷം 1.25 ലക്ഷം കാറുകൾ നിർമ്മിക്കാനുള്ള ശേഷി ഗുജറാത്തിലെ പ്ലാന്റിന് ഉണ്ട്. ടൊയോട്ട അർബൻ എസ്യുവി കൺസെപ്റ്റ് പുറത്തിറക്കിയെങ്കിലും, ഇതിന്റെ ഇന്റീരിയറിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മാരുതി ഇവി എക്സിന്റേതിന് സമാനമായ ഇന്റീരിയർ തന്നെയാണ് പുതിയ മോഡലിനും നൽകാൻ സാധ്യത.