ഇന്ത്യൻ നിരത്തുകൾ അതിവേഗം കീഴടക്കി ടാറ്റ മോട്ടോഴ്സ്! പഞ്ച് ഇവി ബുക്കിംഗിന് തുടക്കം


ഇന്ത്യൻ നിരത്തുകൾ അതിവേഗം കീഴടക്കി മുന്നേറുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇലക്ട്രിക് കാർ വിപണിയിൽ പ്രത്യേക സാന്നിധ്യമായി മാറാൻ ടാറ്റ മോട്ടോഴ്സിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്ത് വിറ്റഴിയുന്ന മൊത്തം ഇലക്ട്രിക് കാറുകളിൽ 70 ശതമാനത്തിലധികവും ടാറ്റയുടെ കാറുകളാണ്. ഇപ്പോഴിതാ ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ മൈക്രോ എസ്‌യുവിയായ പഞ്ച് ഇവിയുടെ ബുക്കിംഗാണ് ആരംഭിച്ചിരിക്കുന്നത്. കമ്പനിയുടെ വെബ്സൈറ്റ് വഴിയോ, ഷോറൂമുകൾ വഴിയോ ബുക്ക് ചെയ്യാൻ സാധിക്കും.

21,000 രൂപ ടോക്കൺ തുക അടച്ചശേഷം പഞ്ച് ഇവി ബുക്ക് ചെയ്യാവുന്നതാണ്. പ്രധാനമായും 5 വേരിയന്റുകളിലാണ് ഇവ വാങ്ങാൻ സാധിക്കുക. സ്മാർട്ട്, സ്മാർട്ട് പ്ലസ്, അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ് പ്ലസ് എന്നീ വേരിയന്റുകളിലാണ് എത്തുന്നത്. 9 ആകർഷകമായ കളറുകളിലും വാഹനം ലഭ്യമാകും. ഇതിൽ നാലെണ്ണം ഒറ്റ നിറമുള്ളവയും (മോണോടോൺ), 5 എണ്ണം ഇരട്ട-നിറഭേദങ്ങളിലുമാണ് (ഡ്യുവൽ ടോൺ). കൂടാതെ, പേഴ്സണലൈസേഷൻ ഓപ്ഷൻ ലഭ്യമാണ്. 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ്, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജിംഗ്, ക്രൂസ് കൺട്രോൾ, ഇലക്ട്രിക് സൺ റൂഫ് തുടങ്ങിയവയാണ് മറ്റ് ആകർഷണങ്ങൾ.