രാജ്യത്ത് തേയില ഉൽപ്പാദനത്തിൽ വൻ ഇടിവ്. തേയില തോട്ടങ്ങൾക്ക് ഭീഷണിയായി തേയില കൊതുകുകളുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഉൽപ്പാദനം കുത്തനെ ഇടിഞ്ഞിരിക്കുന്നത്. തോട്ടം മേഖലയുടെ താഴ്ന്ന മേഖലയിൽ കണ്ടുവരുന്ന കീടങ്ങൾ ഉയർന്ന പ്രദേശങ്ങളിലും വ്യാപിച്ചതോടെയാണ് വലിയ തോതിൽ പ്രതിസന്ധി സൃഷ്ടിച്ചത്. 2021-22 കാലയളവിൽ 1.67 കോടി കിലോയുടെ ഉൽപ്പാദനമാണ് നടന്നിട്ടുള്ളത്.
തേയില ചെടിയുടെ ഇലകളിലെയും തണ്ടുകളിലെയും നീര് ഊറ്റി കുടിച്ചാണ് കീടങ്ങൾ വളരുന്നത്. ഇവ അതിവേഗം വ്യാപിക്കുന്ന ഇനത്തിലുള്ള കീടങ്ങളാണ്. ഇത്തരത്തിലുള്ള കീടങ്ങളെ തുരത്താൻ കീടനാശിനി പ്രയോഗത്തിന് ഓരോ ഹെക്ടറിനും പ്രതിവർഷം 12,000 രൂപയിലധികമാണ് ചെലവ് വരുന്നത്. എന്നാൽ, പലപ്പോഴും കീടനാശിനി പ്രയോഗം ഫലപ്രദമാകാത്തത് തിരിച്ചടികൾ സൃഷ്ടിക്കുന്നുണ്ട്. വിള സംരക്ഷണ ചട്ടപ്രകാരം, ദക്ഷിണേന്ത്യയിൽ 7 കീടനാശിനികൾ മാത്രം ഉപയോഗിക്കാനാണ് അനുമതി ഉള്ളത്. ഈ സാഹചര്യത്തിൽ ഇത്തരം നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന് തോട്ടം ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്.