രാജ്യത്തെ പൗരന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. വിവിധ ആവശ്യങ്ങൾക്കായി ഇന്ന് ആധാർ കാർഡ് ഉപയോഗിക്കാറുണ്ട്. എന്നാൽ, പ്രവാസികൾക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളിൽ ഒന്നാണ് ആധാർ കാർഡിൽ അന്താരാഷ്ട്ര മൊബൈൽ നമ്പർ രേഖപ്പെടുത്താമോ എന്നത്. ഇത്തരം സംശയങ്ങൾക്ക് വ്യക്തത വരുത്തിയിരിക്കുകയാണ് യുഐഡിഎഐ. നിലവിൽ, ആധാറിൽ അന്താരാഷ്ട്ര അല്ലെങ്കിൽ ഇന്ത്യൻ ഇതര മൊബൈൽ നമ്പറുകൾ രേഖപ്പെടുത്താൻ പാടില്ല. യുഐഡിഎഐ ഇത്തരം നമ്പറുകളെ പിന്തുണയ്ക്കാത്തതിനാൽ, ആധാറിൽ ഇന്ത്യയിലുള്ള നമ്പർ മാത്രമാണ് നൽകാൻ പാടുള്ളൂ.
ആധാർ രജിസ്ട്രേഷനും, അപ്ഡേറ്റുകൾക്കും ഇന്ത്യൻ നമ്പറുകൾ മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. ഒരു അന്താരാഷ്ട്ര മൊബൈൽ നമ്പറും ഇതിനായി ഉപയോഗിക്കാൻ സാധിക്കില്ല. രാജ്യത്തെ പ്രധാനപ്പെട്ട രേഖയായി ആധാർ കാർഡ് മാറിയതിനാൽ, പാൻ കാർഡുമായും മൊബൈൽ നമ്പറുമായും, ബാങ്ക് അക്കൗണ്ടുമായും ആധാർ ബന്ധിപ്പിക്കേണ്ടതുണ്ട്. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കാണ് ആധാർ സാധൂകരിക്കുന്നതിനുള്ള ഒടിപി എത്തുക. ഇതിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടിലേക്ക് മറ്റാരും കൈകടത്തുന്നില്ല എന്ന് ഉറപ്പുവരുത്താൻ സാധിക്കും.