‘ലിങ്കിൽ ക്ലിക്ക് ചെയ്ത് ബ്ലൂ ടിക്ക് വെരിഫിക്കേഷൻ സൗജന്യമായി നേടാം’ തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
ഉപഭോക്താക്കളിൽ നിന്നും പണം കൈക്കലാക്കാൻ വിവിധ തരത്തിലുള്ള മാർഗ്ഗങ്ങളാണ് ഇന്ന് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ഉപഭോക്താക്കളിൽ നിന്നും പരമാവധി വിശ്വാസം നേടിയെടുത്തതിനുശേഷമാണ് പല തട്ടിപ്പുകളും ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ആളുകളെ അതിവേഗത്തിൽ ആകർഷിക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങളാണ് തട്ടിപ്പുകാർ നൽകാറുള്ളത്. ഇത്തവണ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉള്ള ബ്ലൂ ടിക്കിനെ ചുറ്റിപ്പറ്റിയാണ് പുതിയ തട്ടിപ്പ് എത്തിയിരിക്കുന്നത്. പ്രൊഫൈലിൽ ദൃശ്യമാകുന്ന ബ്ലൂ ടിക്ക് വെരിഫിക്കേഷൻ സൗജന്യമായി ചെയ്ത് നൽകാമെന്ന രീതിയിലുള്ള സന്ദേശമാണ് ഉപഭോക്താക്കളെ തേടിയെത്തുക. സൗജന്യമായി ബ്ലൂ ടിക്ക് ലഭിക്കുമെന്നതിനാൽ തട്ടിപ്പിൽ വീഴുന്ന ആളുകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.
സൗജന്യമായി ബ്ലൂ ടിക്ക് വെരിഫിക്കേഷൻ ലഭിക്കണമെങ്കിൽ, തട്ടിപ്പുകാർ അയക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യാനാണ് ഉപഭോക്താക്കളോട് ആവശ്യപ്പെടുക. ടെക്സ്റ്റ് മെസേജായോ, നോട്ടിഫിക്കേഷനായോ ആണ് ഇത്തരം സന്ദേശം ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ഇത്തരം വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താവിന്റെ വിവരങ്ങൾ, ആക്ടിവേഷൻ സെഷൻ എന്നിവ ഹാക്ക് ചെയ്യപ്പെടുന്നതാണ്. കൂടാതെ, സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ നിയന്ത്രണവും തട്ടിപ്പുകാരുടെ കൈകളിലാകും. സൗജന്യ സേവനങ്ങൾ നൽകുന്ന അജ്ഞാത സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കാൻ ഉപഭോക്താക്കൾ പരമാവധി ശ്രദ്ധിക്കേണ്ടതാണ്.