യാത്ര പ്രേമികൾക്ക് വീണ്ടും സന്തോഷ വാർത്തയുമായി കെഎസ്ആർടിസി. ചുരുങ്ങിയ കാലയളവ് കൊണ്ട് വലിയ രീതിയിലുള്ള സ്വീകാര്യത നേടിയെടുത്ത കെഎസ്ആർടിസി ബജറ്റ് ടൂർ പാക്കേജ് കൂടുതൽ ഡിപ്പോകളിൽ നിന്ന് ആരംഭിക്കാനാണ് തീരുമാനം. വടക്കേ മലബാറിലെ സഞ്ചാരികൾക്കായി കുറഞ്ഞ നിരക്കിൽ കോഴിക്കോട്- വയനാട് പാക്കേജാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ അവതരിപ്പിച്ച മൂന്നാർ, ഗവി, മലപ്പുറം-വയനാട് പാക്കേജുകൾ വൻ ഹിറ്റായിരുന്നു.
കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്. പാക്കേജിൽ കോഴിക്കോടുള്ള തുഷാരഗിരി വെള്ളച്ചാട്ടവും, വയനാട് ഉള്ള തൊള്ളായിരംകണ്ടിയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നവംബർ 19 ഞായറാഴ്ചയാണ് യാത്ര ആരംഭിക്കുക. കോഴിക്കോട് ഡിപ്പോയിൽ നിന്നും രാവിലെ 6 മണിക്ക് ബസ് പുറപ്പെടുന്നതാണ്. ഒരു ദിവസത്തെ യാത്രയ്ക്ക് ഭക്ഷണമടക്കം 1,240 രൂപയാണ് ഒരാളുടെ നിരക്ക്.
കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് 50 കിലോമീറ്റർ അകലെയുള്ള തുഷാരഗിരിയിലേക്കാണ് ആദ്യം എത്തുക. ഇരട്ടമുക്ക്, മഴവിൽ ചാട്ടം, തുമ്പിതുള്ളും പാറ എന്നീ മൂന്ന് പ്രധാന വെള്ളച്ചാട്ടങ്ങൾ ചേർത്താണ് തുഷാരഗിരിയെന്ന് വിളിക്കുന്നത്. തുടർന്ന് മേപ്പാടി റോഡിലൂടെ സഞ്ചരിച്ച് സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്നത് വഴിയാണ് തൊള്ളായിരംകണ്ടിയിലേക്ക് പ്രവേശിക്കുക. കാടിന്റെ നടുവിലൂടെയുള്ള കാഴ്ചകൾ കണ്ടുള്ള അനുഭവമാണ് തൊള്ളായിരംകണ്ടിയുടെ പ്രധാന ആകർഷണം.