ബഡ്ജറ്റ് റേഞ്ചിൽ വീണ്ടും പുതിയൊരു ഹാൻഡ്സെറ്റുമായി ഇൻഫിനിക്സ്, ആദ്യം അവതരിപ്പിച്ചത് ഈ വിപണിയിൽ


ബജറ്റ് റേഞ്ച് ഉപഭോക്താക്കൾക്കായി വീണ്ടും കിടിലൻ ഹാൻഡ്സെറ്റ് അവതരിപ്പിച്ച് ഇൻഫിനിക്സ്. ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഇൻഫിനിക്സ് സ്മാർട്ട് 8 ആണ് ഇത്തവണ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇൻഫിനിക്സ് സ്മാർട്ട് 8 ഔദ്യോഗികമായി നൈജീരിയൻ വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. ആകർഷകമായ ഫീച്ചറുകളാണ് ഇൻഫിനിക്സ് സ്മാർട്ട് 8-ന്റെ പ്രധാന പ്രത്യേകത. ഇവ എപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന സൂചനകൾ ഇതുവരെ ലഭ്യമല്ല. പ്രധാന ഫീച്ചറുകളെ കുറിച്ച് അറിയാം.

എച്ച്ഡി പ്ലസ് റെസലൂഷനോട് കൂടിയ ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. ഡിസ്പ്ലേ പാനലിൽ ചാർജിംഗ് സ്റ്റാറ്റസ്, വോയിസ് കോളുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനായി മാജിക് റിംഗ് എന്ന ഡയനാമിക് ഐലൻഡ് പോലെയുള്ള ഓവറിലേയും നൽകിയിട്ടുണ്ട്. 90 ഹെർട്സാണ് റിഫ്രഷ് റേറ്റ്. ആൻഡ്രോയിഡ് 13നാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. യൂണിസോക് ടി606 പ്രോസസറാണ് കരുത്ത് പകരുന്നത്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറ പിന്നിൽ സജ്ജീകരിച്ചിട്ടുണ്ട്. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കിയ ഇൻഫിനിക്സ് സ്മാർട്ട് 8 ഹാൻഡ്സെറ്റുകൾക്ക് ഇന്ത്യൻ വിപണിയിൽ 10,000 രൂപയിൽ താഴെ വില പ്രതീക്ഷിക്കാവുന്നതാണ്.