വിമാന യാത്രയിൽ ലഗേജിനെക്കുറിച്ചാലോചിച്ച് ഇനി ടെൻഷൻ വേണ്ട! യാത്രികർക്ക് ആശ്വാസമാകാൻ കേരളത്തിൽ നിന്നൊരു സ്റ്റാർട്ടപ്പ്


വിമാന യാത്രകൾ നടത്തുമ്പോൾ ലഗേജിന്റെ തൂക്കം പരിധിയിലധികം കവിയുന്നത് ഭൂരിഭാഗം ആളുകൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. പലപ്പോഴും ലഗേജിന്റെ വെയിറ്റ് പരമാവധി കുറയ്ക്കാൻ വിമാനത്താവളങ്ങളിൽ സാധനങ്ങൾ ഉപേക്ഷിക്കേണ്ട അവസ്ഥയാണ് ഉണ്ടാകാറുള്ളത്. യാത്രക്കാർ നേരിടുന്ന ഇത്തരം ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് കേരളത്തിൽ നിന്നൊരു സ്റ്റാർട്ടപ്പ്. ഫ്ലൈ മൈ ലഗേജ് എന്ന സ്റ്റാർട്ടപ്പാണ് പുതിയ സേവനത്തിന് തുടക്കമിട്ടിരിക്കുന്നത്.

വിമാന യാത്രയിൽ അനുവദിക്കപ്പെട്ട പരിധിയിൽ കൂടുതൽ ലഗേജുകൾ കൊണ്ടുപോകാൻ സഹായിക്കുന്ന സ്റ്റാർട്ടപ്പാണ് ഫ്ലൈ മൈ ലഗേജ്. ഇന്ത്യയ്ക്ക് അകത്തും പുറത്തും കുറഞ്ഞ ചെലവിൽ അധിക ലഗേജ് എത്തിക്കാൻ ഈ സ്റ്റാർട്ടപ്പ് സഹായിക്കുന്നതാണ്. ഇതിനായി പലതരത്തിലുള്ള പാക്കേജുകൾ സ്റ്റാർട്ടപ്പ് ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്യാനാകും. ലഗേജ് ബുക്കിംഗ് സ്ഥലത്തുനിന്ന് സാധനങ്ങൾ എടുത്ത് ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിക്കുന്നതാണ്. ഡോർ ഡെലിവറി സേവനവും ഈ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്.

ആഭ്യന്തര, വിദേശ വിമാന സർവീസുകൾ നടത്തുമ്പോൾ അധികമുള്ള ലഗേജിന് ഉയർന്ന തുകയാണ് എയർലൈനുകൾ ഈടാക്കാറുള്ളത്. പുതിയ സ്റ്റാർട്ടപ്പിന്റെ വരവോടെ ഈ പ്രതിസന്ധി ഒഴിവാക്കാൻ യാത്രക്കാർക്ക് കഴിയുന്നതാണ്. എയർലൈൻ ഈടാക്കുന്നതിനേക്കാൾ തുച്ഛമായ തുകയ്ക്കാണ് ഈ സ്റ്റാർട്ടപ്പ് ഉപഭോക്താക്കളുടെ കരങ്ങളിലേക്ക് ലഗേജുകൾ എത്തിക്കുക. നിലവിൽ, തിരുവനന്തപുരം വിമാനത്താവളത്തിൽ മാത്രമാണ് ഫ്ലൈ മൈ ലഗേജിന്റെ സേവനം ലഭ്യമാക്കിയിട്ടുള്ളൂ.