പോക്കറ്റ് കാലിയാക്കാതെ ഭക്ഷണം ഓർഡർ ചെയ്യാൻ ‘പോക്കറ്റ് ഹീറോ’ പദ്ധതിയുമായി സ്വിഗ്ഗി രംഗത്ത്. പുതിയ പദ്ധതിയിലൂടെ കുറഞ്ഞ തുകയ്ക്ക് ഭക്ഷണം ഓർഡർ ചെയ്യാനുള്ള അവസരമാണ് സ്വിഗ്ഗി ഒരുക്കുന്നത്. ഇതോടെ, 60 ശതമാനം കിഴിവിൽ ഭക്ഷണങ്ങൾ ഓർഡർ ചെയ്യാൻ സാധിക്കും. സാധാരണക്കാരിലേക്ക് കൂടി സ്വിഗ്ഗിയുടെ സേവനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. പോക്കറ്റ് ഹീറോ പദ്ധതിയിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണങ്ങൾക്ക് ഡെലിവറി ചാർജ് നൽകേണ്ടതില്ലെന്ന് കമ്പനി അറിയിച്ചു.
വില കൂടിയ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ സാധാരണക്കാരായ ഉപഭോക്താക്കളെ കൂടി പ്രാപ്തരാക്കാൻ ഈ പദ്ധതിയിലൂടെ കഴിയുന്നതാണ്. സ്വിഗ്ഗി ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റഡ് വേർഷനിൽ ഉപഭോക്താക്കൾക്ക് പോക്കറ്റ് ഹീറോ ഓഫറിനുള്ള ഓപ്ഷൻ കാണാൻ സാധിക്കും. നിലവിൽ, ഡൽഹി, ജയ്പൂർ, ലക്നൗ ചണ്ഡീഗഡ് തുടങ്ങിയ നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാക്കിയിട്ടുള്ളൂ. അടുത്ത ഘട്ടത്തിൽ കൊച്ചി, ബെംഗളൂരു, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലേക്കും പോക്കറ്റ് ഹീറോ പദ്ധതി വ്യാപിപ്പിക്കുന്നതാണ്.