തിരുവനന്തപുരം: ഷാർജ-തിരുവനന്തപുരം റൂട്ടിൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. യുഎഇയിലെ ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും, തിരിച്ചും ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഷാർജ-തിരുവനന്തപുരം റൂട്ടിൽ 1.16 ലക്ഷം പേരാണ് യാത്ര ചെയ്തത്. ഇതേ കാലയളവിൽ 88,689 പേർ യാത്ര ചെയ്ത കൊച്ചി വിമാനത്താവളമാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. 77,859 പേർ യാത്ര ചെയ്തതോടെ ഡൽഹി വിമാനത്താവളം മൂന്നാം സ്ഥാനത്തെത്തി.
ഒരു മാസം ശരാശരി 39,000 പേരാണ് ഷാർജ-തിരുവനന്തപുരം റൂട്ടിൽ സഞ്ചരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഏകദേശം 10 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ശരാശരി എയർ ട്രാഫിക് മൂവ്മെന്റ് 240 ആണ്. എയർ അറേബ്യ പ്രതിദിനം രണ്ട് സർവീസുകളും, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവ ഓരോ സർവീസുകളും തിരുവനന്തപുരം-ഷാർജ റൂട്ടിൽ നടത്തുന്നുണ്ട്. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള കണക്ടിവിറ്റി സുഗമമാക്കിയതോടെയാണ് തിരുവനന്തപുരം-ഷാർജ റൂട്ട് ചുരുങ്ങിയ കാലയളവിനുള്ളിൽ ജനപ്രിയമായി മാറിയത്.