ക്രിസ്തുമസ്-ന്യൂ ഇയർ എത്താറായതോടെ വിമാന ടിക്കറ്റുകൾക്ക് ഗംഭീര കിഴിവുകൾ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ എയർലൈനായ വിസ്താര. എക്കണോമി ക്ലാസുകൾക്കും, പ്രീമിയം എക്കോണമി ക്ലാസുകൾക്കും ആകർഷകമായ നിരക്കുകളാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബർ 21 അതായത് ഇന്ന് മുതലാണ് ഓഫർ ആരംഭിക്കുക. ഈ ഉത്സവകാല ഓഫർ ബുക്ക് ചെയ്യാൻ ഡിസംബർ 23 വരെയാണ് അവസരം. എക്കണോമി ക്ലാസുകൾക്ക് 1,924 രൂപ മുതലും, പ്രീമിയം എക്കണോമി ക്ലാസുകൾക്ക് 2,324 രൂപ മുതലും, ബിസിനസ് ക്ലാസിന് 9,924 രൂപ മുതലുമാണ് നിരക്കുകൾ ആരംഭിക്കുന്നത്.
കാഠ്മണ്ഡു, ധാക്ക, സിംഗപ്പൂർ, ജിദ്ദ, ദമ്മാം, കൊളംബോ, അബുദാബി, ദുബായ്, മാലെ, ദോഹ, മസ്കറ്റ്, ബാങ്കോക്ക്, ഹോങ്കോംഗ്, ബാലി, മൗറീഷ്യസ് എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കും തിരിച്ചും വിസ്താര കിഴിവുകൾ നൽകുന്നുണ്ട്. ഇന്ന് ബുക്കിംഗ് വിൻഡോ തുറക്കുന്നതോടെ, യാത്രക്കാർക്ക് അവരുടെ അവധിക്കാലം, കുടുംബ യാത്രകൾ അല്ലെങ്കിൽ ബിസിനസ്സ് യാത്രകൾ എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. വിസ്താരയുടെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പുകൾ, ATO-കൾ, കോൾ സെന്റർ, OTA-കൾ, അല്ലെങ്കിൽ ട്രാവൽ ഏജന്റുമാർ എന്നിവ വഴിയോ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.