റൈറ്റ് ഇഷ്യൂ പുറത്തിറക്കാനൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്, സമാഹരിക്കുക കോടികൾ


റൈറ്റ് ഇഷ്യൂ ഓഹരികൾ പുറത്തിറക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. റൈറ്റ് ഇഷ്യൂവിലൂടെ 1,750 കോടി രൂപ സമാഹരിക്കാനാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച അനുമതി ഡയറക്ടർ ബോർഡ് നൽകിയിട്ടുണ്ട്. നിലവിലെ യോഗ്യരായ ഓഹരി ഉടമകൾക്ക് റൈറ്റ് ഇഷ്യൂ ലഭ്യമാകും. ഇവ പുറത്തിറക്കുന്ന സമയം, മറ്റ് വിശദാംശങ്ങൾ എന്നിവ പിന്നീട് അറിയിക്കുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് വ്യക്തമാക്കി.

നിലവിലെ യോഗ്യരായ ഓഹരി ഉടമകൾക്ക് ബാങ്കിന്റെ പുതിയ ഓഹരികൾ ഡിസ്കൗണ്ട് നിരക്കിൽ സ്വന്തമാക്കാനുളള അവസരമാണ് റൈറ്റ് ഇഷ്യൂ പുറത്തിറക്കുന്നതിലൂടെ ലഭിക്കുക. ഇതുവഴി സമാഹരിക്കുന്ന തുക പ്രധാനമായും മൂലധന ആവശ്യങ്ങൾക്ക് വിനിയോഗിക്കാനാണ് ബാങ്കിന്റെ തീരുമാനം. റൈറ്റ് ഇഷ്യൂകളിലൂടെ പണം സമാഹരിക്കുമെന്ന പ്രഖ്യാപനത്തെ തുടർന്ന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരി വില ഇന്ന് വലിയ മുന്നേറ്റമാണ് കാഴ്ചവച്ചത്. വ്യാപാരത്തിന്റെ ഒരു വേള കമ്പനിയുടെ ഓഹരികൾ 3 ശതമാനത്തോളമാണ് കുതിച്ചത്.