രാജ്യത്ത് ഇന്ധനവില കുറച്ചേക്കും: നിർണായക പ്രഖ്യാപനം ഉടൻ


രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർണായക പ്രഖ്യാപനം ഉടൻ. പുതുവത്സര സമ്മാനമെന്ന നിലയിൽ ഇന്ധനവില കുറയ്ക്കാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം പാർട്ടി നേതൃയോഗം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ധനവില കുറയ്ക്കുക എന്ന നിർണായക തീരുമാനത്തിലേക്ക് കേന്ദ്രം എത്തിയത്.

ഇന്ധനവില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പെട്രോളിയം മന്ത്രാലയം ഇന്ധനവിതരണ കമ്പനികൾക്ക് മേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. പെട്രോളിനും ഡീസലിനും ലിറ്ററിന് 8 രൂപ മുതൽ 10 രൂപ വരെ കുറച്ചേക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാർശ പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അംഗീകാരം ലഭിച്ചാൽ ഉടൻ തന്നെ ഇന്ധന വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതാണ്.