സൗദി അറേബ്യയിൽ വമ്പൻ സ്വർണഖനി കണ്ടെത്തി. സൗദിയിലെ ഏറ്റവും വലിയ ഖനന കമ്പനിയായ സൗദി അറേബ്യൻ മൈനിംഗ് കമ്പനിയാണ് ഖനി കണ്ടെത്തിയിരിക്കുന്നത്. സൗദി അറേബ്യയുടെ മധ്യപ്രവിശ്യയിലെ നിലവിലെ ഖനിയായ മൻശൂറ മസാറയ്ക്ക് സമീപമാണ് പുതിയ ഖനി ഉള്ളത്. ഏകദേശം 125 കിലോമീറ്ററിലധികമാണ് ഖനിയുടെ നീളം. ഈ മേഖലയിൽ 2022 മുതലാണ് സ്വർണ പര്യവേഷണ പദ്ധതിക്ക് തുടക്കമിട്ടത്. ഏകദേശം ഒരു വർഷത്തിലധികം നീണ്ട പദ്ധതിക്കാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നതെന്ന് മൈനിംഗ് കമ്പനി അധികൃതർ വ്യക്തമാക്കി.
മൊത്തം 125 കിലോമീറ്റർ ചുറ്റളവിലാണ് സ്വർണഖനി ഉള്ളത്. മൻശൂറ മസാറയ്ക്ക് സമീപമാണ് പുതിയ ഖനി കണ്ടെത്തിയതെങ്കിലും, ജബൽ ഖദാറ, ബിർ തവീല എന്നിവിടങ്ങളിൽ 25 കിലോമീറ്റർ ചുറ്റളവിൽ പര്യവേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കണക്കുകൾ അനുസരിച്ച്, പുതിയ സ്വർണഖനിയിൽ ഏകദേശം 70 ലക്ഷം ഔൺസ് സ്വർണശേഖരം ഉണ്ടെന്നാണ് വിലയിരുത്തൽ. ഇവിടെ നിന്ന് പ്രതിവർഷം 2.5 ലക്ഷം സ്വർണം വേർതിരിച്ചെടുക്കാൻ കഴിയുന്നതാണ്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ സമ്പന്ന രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. അതുകൊണ്ടുതന്നെ എണ്ണ കയറ്റുമതിയാണ് സൗദി അറേബ്യയുടെ പരമ്പരാഗത വരുമാന മാർഗ്ഗം. ലോകം ഹരിതോർജ്ജങ്ങളിലേക്ക് മാറിത്തുടങ്ങിയ പശ്ചാത്തലത്തിൽ വരുമാനം നിലയ്ക്കാതിരിക്കാൻ മറ്റു മേഖലകളിലേക്ക് സൗദി അറേബ്യ ശ്രദ്ധ പതിപ്പിച്ചിരുന്നു. രാജ്യത്ത് ടൂറിസം അനുവദിച്ചതും, വിദേശ സഞ്ചാരികളെ സ്വാഗതം ചെയ്തതും ഇതിലൊന്നാണ്. വരുമാനം വർദ്ധിപ്പിക്കാൻ ‘വിഷൻ 2030’ എന്ന പദ്ധതിക്കും സൗദി അറേബ്യ തുടക്കമിട്ടിട്ടുണ്ട്.