മുംബൈ: വർഷങ്ങളുടെ പാരമ്പര്യം വിളിച്ചോതുന്ന മുംബൈയിലെ ആദ്യത്തെ ഷോപ്പിംഗ് മാളായ സോബോ സെൻട്രൽ മാൾ ലേലത്തിനെത്തുന്നു. 1990-കളുടെ അവസാനത്തിൽ ഷോപ്പിംഗിനും, സാമൂഹികവൽക്കരണത്തിനും ഉള്ള പ്രത്യേക ഇടം കൂടിയായിരുന്നു ഈ മാൾ. 500 കോടി രൂപയാണ് ലേലത്തിന്റെ കരുതൽ തുകയായി നിശ്ചയിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ലേലക്കാരെ ജനുവരി 20ന് വസ്തുവകകൾ പരിശോധിക്കാൻ അനുവദിക്കും. തുടർന്ന് ലേലം നടക്കുന്ന ദിവസമോ, അതിന് മുൻപോ 50 കോടി രൂപ നിക്ഷേപിക്കണം.
മുംബൈ നഗരത്തിലെ മറ്റ് ഇടങ്ങളിൽ പുതിയ ഷോപ്പിംഗ് മാളുകൾ എത്തിയതോടെ സോബോ സെൻട്രൽ മാളിന്റെ പ്രതാപം മങ്ങുകയായിരുന്നു. കൂടാതെ, കോവിഡ് പാൻഡെമിക് സമയത്തും വലിയ തിരിച്ചടിയാണ് ഇവ നേരിടേണ്ടിവന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഈ മാൾ നിഷ്ക്രിയ ആസ്തിയാണ്. കൂടാതെ, ഈ വർഷം ഓഗസ്റ്റിൽ, റേറ്റിംഗ് ഏജൻസികൾ ആവശ്യപ്പെട്ട വിവരങ്ങളോട് മാൾ അധികൃതർ പ്രതികരിക്കാത്തതിനെത്തുടർന്ന് റേറ്റിംഗ് ‘ഡി’ ആക്കി തരംതാഴ്ത്തിയിരുന്നു. ഇതിനോടകം കോടികളുടെ കുടിശ്ശിക മാളിനുണ്ട്. ഉടമകളിൽ നിന്ന് കുടിശ്ശിക ഈടാക്കുന്നതിനായി കാനറ ബാങ്കാണ് ലേലം നടത്തുന്നത്. സോബോ സെൻട്രൽ മാളിനെ ക്രോസ്റോഡ്സ് മാൾ എന്നും വിശേഷിപ്പിക്കാറുണ്ട്.