പുതുവർഷത്തിൽ ബ്രിക്സ് കൂട്ടായ്മയിലേക്ക് 5 രാജ്യങ്ങൾ കൂടി എത്തുന്നു. ജനുവരി ഒന്ന് മുതൽ ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്സിലെ അംഗങ്ങളാകുക. പുതിയ അംഗങ്ങൾ എത്തുന്നതോടെ ഇനി മുതൽ ബ്രിക്സ് കൂട്ടായ്മയുടെ പേര് ബ്രിക്സ്+ എന്നാകുമെന്നാണ് സൂചന. പുതിയ രാജ്യങ്ങളുടെ കടന്ന് വരവ് സാമ്പത്തിക സഹകരണത്തിനുള്ള പുതുവഴികൾ തുറക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
2006-ൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്നാണ് ‘ബ്രിക്ക്’ ഗ്രൂപ്പ് സൃഷ്ടിച്ചത്. പിന്നീട് 2010-ൽ ദക്ഷിണാഫ്രിക്കയും കൂട്ടായ്മയിലേക്ക് എത്തിയതോടെ ‘ബ്രിക്സ്’ ആയി മാറുകയായിരുന്നു. പാശ്ചാത്യ ആധിപത്യം പുലർത്തുന്ന സാമ്പത്തിക, രാഷ്ട്രീയ സംഘടനകൾക്ക് എതിരായാണ് ബ്രിക്സ് കൂട്ടായ്മ ആദ്യം രൂപീകരിച്ചത്. ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ രാജ്യങ്ങൾ ബ്രിക്സിൽ പങ്കാളികളാകുന്നതോടെ പാശ്ചാത്യ ആധിപത്യത്തിന്റെ സ്വാധീനം കുറയുമെന്നാണ് വിലയിരുത്തൽ.
ബ്രിക്സ് രാജ്യങ്ങൾ വാർഷിക ഉച്ചകോടി സംഘടിപ്പിക്കാറുണ്ട്. 2023-ൽ ഉച്ചകോടിയുടെ അധ്യക്ഷത വഹിച്ചത് ദക്ഷിണാഫ്രിക്കയായിരുന്നു. 2024-ൽ റഷ്യയാണ് ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുക. നിലവിൽ, ആഗോള ജനസംഖ്യയുടെ 41 ശതമാനവും, ആഗോള ജിഡിപിയുടെ 24 ശതമാനവും, ആഗോള വ്യാപാരത്തിന്റെ 16 ശതമാനവും സംഭാവന ചെയ്യുന്നത് ബ്രിക്സ് രാജ്യങ്ങളാണ്.