മുംബൈ: രാജ്യത്തെ സ്റ്റാർട്ടപ്പ് ഫണ്ടിൽ ഇക്കുറിയും വൻ വർദ്ധനവ്. 2023 ഡിസംബറിൽ മാത്രം 1.6 ലക്ഷം കോടി ഡോളറാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചിരിക്കുന്നത്. ഇതോടെ, 2023-ൽ ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് നടത്തിയ മാസമായി ഡിസംബർ മാറി. ഡിസംബറിൽ നടന്ന ഫണ്ടിംഗിന് കൂടുതൽ കരുത്ത് പകർന്നത് ഫ്ലിപ്കാർട്ട്, ഉഡാൻ എന്നീ കമ്പനികളാണ്. മാതൃ കമ്പനിയായ വാൾമാർട്ടിൽ നിന്നും 60 കോടി ഡോളറാണ് ഫ്ലിപ്കാർട്ട് സമാഹരിച്ചത്. അതേസമയം, എം ആൻഡ് ജി പ്രുഡൻഷ്യൽ, ലൈറ്റ്സ്പീഡ് എന്നിവിടങ്ങളിൽ നിന്നും 34 കോടി ഡോളറാണ് ഉഡാൻ സമാഹരിച്ചിട്ടുള്ളത്.
2022 ഡിസംബർ മാസം 1.3 ബില്യൺ ഡോളറിന്റെ സ്റ്റാർട്ടപ്പ് ഫണ്ടിംഗാണ് നടന്നത്. 2023-ൽ ഇത് 15 ശതമാനം വർദ്ധനവോടെ 1.6 ബില്യൺ ഡോളറായി. 2023 ഡിസംബറിൽ ഏറ്റവും കൂടുതൽ പണം സമാഹരിച്ചിരിക്കുന്നത് റീട്ടെയിൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളാണ്. 48.55 കോടി ഡോളറിന്റെ സമാഹരണം റീട്ടെയിൽ മേഖല നടത്തിയിട്ടുണ്ട്. തൊട്ടുപിന്നാലെ 44 കോടി ഡോളറുമായി കൺസ്യൂമർ മേഖലയും, 21.1 കോടി ഡോളറുമായി ഫുഡ്, അഗ്രിടെക് മേഖലയുമുണ്ട്.