നിരക്കുകൾ കുറച്ചും, കിഴിവുകൾ നൽകിയും വിമാനയാത്ര! തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി എയർലൈനുകൾ


ഏറ്റവും സൗകര്യപ്രദമായതും ചെലവ് കൂടിയതുമായ യാത്രാ മാർഗ്ഗമാണ് വിമാനയാത്ര. അതുകൊണ്ടുതന്നെ ഉപഭോക്താക്കളെ ആകർഷിക്കാൻ എയർലൈൻ വിവിധ തരത്തിലുള്ള കിഴിവുകൾ പ്രഖ്യാപിക്കാറുണ്ട്. എന്നാൽ, ഇത്തരം കിഴിവുകളുടെ മറവിൽ വ്യാപക തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രാജ്യത്തെ എയർലൈനുകൾ. നിരക്കുകൾ കുറച്ചും, വമ്പൻ കിഴിവുകൾ നൽകിയുമാണ് തട്ടിപ്പ് സംഘങ്ങൾ ഉപഭോക്താക്കളെ പ്രധാനമായും ആകർഷിക്കുന്നത്. ഇത്തരത്തിൽ ഓഫറിലും കുറഞ്ഞ ടിക്കറ്റിലും വിശ്വസിച്ച് നിരവധി ആളുകളാണ് ചൂഷണത്തിന് ഇരയായിരിക്കുന്നത്.

ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയോ, സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെയോ അവിശ്വസനീയമായ തരത്തിലാണ് ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നത്. ഇവ പലപ്പോഴും ട്രാവൽ ഏജൻസികൾ അല്ലെങ്കിൽ ഏജന്റുമാരുടെ ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്ഫോമുകളെ അനുകരിക്കാറുമുണ്ട്. ബാങ്ക് ട്രാൻസ്ഫർ, വെർച്വൽ കറൻസികൾ, മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് തട്ടിപ്പുകാർ ടിക്കറ്റ് വാങ്ങുകയും, പിന്നീട് സംശയിക്കാൻ ഇടയില്ലാത്ത യാത്രക്കാർക്ക് കൈമാറുകയും ചെയ്യുന്നു. മോഷ്ടിച്ച ക്രെഡിറ്റ് കാർഡിന്റെ നിയമാനുസൃത ഉടമ ബാങ്കിൽ അനധികൃത ഇടപാട് റിപ്പോർട്ട് ചെയ്യുമ്പോഴാണ് പലപ്പോഴും തട്ടിപ്പിന് ഇരയായ വിവരം ഉപഭോക്താക്കൾ തിരിച്ചറിയുന്നത്. ഫ്ലൈറ്റ് ടിക്കറ്റ് തട്ടിപ്പുകൾ തുടക്കത്തിൽ തന്നെ മനസിലാക്കാനുള്ള വഴികൾ പരിചയപ്പെടാം.

ടിക്കറ്റ് നിരക്ക് വളരെ കുറവ്

മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിലാണ് തട്ടിപ്പ് സംഘം ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നത്. വിമാനയാത്ര താരതമ്യേന ചെലവ് കൂടിയതാണ്. അതുകൊണ്ടുതന്നെ, കുറഞ്ഞ നിരക്ക് ടിക്കറ്റ് ലഭ്യമാക്കുമ്പോൾ ചൂഷണത്തിന് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കുക.

ടിക്കറ്റ് തീയതികൾ

ഫ്ലൈറ്റിന് തൊട്ടുമുൻപ് മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതെങ്കിൽ, ഇത്തരത്തിലുള്ളവരെ ചൂഷണം ചെയ്യാൻ തട്ടിപ്പ് സംഘങ്ങളും പിന്നാലെ ഉണ്ടാകും. മണിക്കൂറുകൾക്കു മുൻപ് ടിക്കറ്റ് ലഭ്യമാക്കുന്ന വെബ്സൈറ്റുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പേയ്മെന്റ്

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പണമായോ, ബാങ്ക് ട്രാൻസ്ഫർ മുഖേനയോ പേയ്മെന്റുകൾ നടത്താൻ ആവശ്യപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കുക. കാരണം, ഫണ്ടുകൾ ഉടനടി പിൻവലിക്കപ്പെടും. ഇത് വീണ്ടെടുക്കാനുള്ള അവസരങ്ങൾ കുറവാണ്.

കോൺടാക്ട് വിവരങ്ങൾ അപൂർണമായിരിക്കും

ട്രാവൽ ഏജൻസികളുടെ വെബ്സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ട് എന്നിവയിൽ എപ്പോഴും ഒരു ഓഫീസ് വിലാസവും, ടെലിഫോൺ നമ്പറും ഉൾപ്പെടെയുള്ള സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തും. അപൂർണമായ വിവരങ്ങൾ നൽകിയ അക്കൗണ്ടുകൾ വ്യാജമാണ്.