പുത്തൻ ലുക്കിനോടൊപ്പം ഇനി കിടിലൻ മ്യൂസിക്കും, പുതിയ ബ്രാൻഡ് മ്യൂസിക് പുറത്തിറക്കി എയർ ഇന്ത്യ എക്സ്പ്രസ്
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച എയർലൈനുകളിൽ ഒന്നായ എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് മ്യൂസിക് പുറത്തിറക്കി. പുതിയ ബ്രാൻഡ് ഐഡന്റിറ്റി പുതുക്കലിന്റെ ഭാഗമായാണ് ആകർഷകമായ ബ്രാൻഡ് മ്യൂസിക്കും എയർലൈൻ അവതരിപ്പിച്ചിരിക്കുന്നത്. കരുണ, അത്ഭുതം, വീര്യം എന്നിങ്ങനെ ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലെ 3 വ്യത്യസ്ത രസങ്ങൾ കോർത്തിണക്കിയാണ് പുതിയ ബ്രാൻഡ് മ്യൂസിക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബ്രാൻഡ് മ്യൂസിക്കിന്റെ മിഡിൽ ഈസ്റ്റ് പതിപ്പും അവതരിപ്പിച്ചിട്ടുണ്ട്. യാത്രാനുഭവങ്ങളുടെ ഓർമ്മകൾക്ക് ഈണം നൽകുന്ന വിധത്തിലാണ് പുതിയ ബ്രാൻഡ് മ്യൂസിക് തയ്യാറാക്കിയിരിക്കുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. അടുത്തിടെ പുതിയ ലോഗോയും ബ്രാൻഡ് നിറങ്ങളും അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ബ്രാൻഡ് മ്യൂസിക് പുറത്തിറക്കിയത്. ആഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളിലേക്ക് സർവീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇതിനോടകം തന്നെ കമ്പനി വമ്പൻ കരാറുകൾക്ക് ഓർഡറുകൾ നൽകിയിട്ടുണ്ട്.