കൊച്ചിക്കാർക്ക് ഏറ്റവും പ്രിയം ഈ ഭക്ഷണം! പോയവർഷത്തിലെ ഇഷ്ട ഭക്ഷണ കണക്കുകൾ പുറത്തുവിട്ട് സ്വിഗ്ഗി


കൊച്ചി: പോയവർഷത്തിലെ കൊച്ചിക്കാരുടെ ഇഷ്ട ഭക്ഷണ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. കഴിഞ്ഞ വർഷം കൊച്ചിക്കാരുടെ ഇഷ്ട ഭക്ഷണമായി മാറിയത് ബിരിയാണിയാണ്. 2023-ൽ കൊച്ചിയിൽ നിന്ന് ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ചത് ബിരിയാണിക്കാണെന്ന് സ്വിഗ്ഗി വ്യക്തമാക്കി. കഴിഞ്ഞ വർഷം ജനുവരി ഒന്ന് മുതൽ നവംബർ 15 വരെയുള്ള കണക്കുകൾ ഉൾപ്പെടുത്തിയാണ് സ്വിഗ്ഗി പട്ടിക പുറത്തുവിട്ടിരിക്കുന്നത്. തൊട്ടുപിന്നാലെ പൊറോട്ട, ചിക്കൻ ഫ്രൈഡ് റൈസ്, മസാല ദോശ, ബീഫ് റോസ്റ്റ് എന്നിവയും ഉണ്ട്.

കൊച്ചിയിലെ ഒരൊറ്റ ഉപഭോക്താവിൽ നിന്നും 1471 ഓർഡറുകൾ വരെ സ്വിഗ്ഗിക്ക് ലഭിച്ചിട്ടുണ്ട്. ഒറ്റത്തവണ ലഭിച്ച ഏറ്റവും ഉയർന്ന ഓർഡർ 19,845 ആണ്. ഡൈനിംഗ് ഔട്ട് ഒരുക്കുന്നതിലും ഇക്കുറി കൊച്ചി നിവാസികളിൽ നിന്നും മികച്ച പ്രതികരണം ഉണ്ടായതായി സ്വിഗ്ഗി വ്യക്തമാക്കി. ഡൈനിംഗ് ഔട്ടനായി മാത്രം ഒരു ഉപഭോക്താവ് 40,693 രൂപയുടെ ഓർഡറാണ് ഒറ്റത്തവണ നൽകിയത്. ‘വിവിധ തരത്തിലുള്ള രുചികളോടുള്ള കൊച്ചിയുടെ ഇഷ്ടം സ്വിഗ്ഗിയിലെ ഓർഡറുകളിൽ നിന്നും വ്യക്തമാകുന്നുണ്ട്. ഈ നഗരത്തിലെ മികച്ച ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായതിൽ അഭിമാനമുണ്ട്’, സ്വിഗ്ഗി നാഷണൽ ബിസിനസ് ഹെഡ് വി.പി സിദ്ധാർത്ഥ് ഭക്കൂ പറഞ്ഞു.