സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,800 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ്, 5,850 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപയും, ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന നിലവാരത്തിലാണ് ഇന്നലെ സ്വർണത്തിന്റെ വ്യാപാരം നടന്നത്. പവന് 47,000 രൂപയായിരുന്നു ഇന്നലത്തെ നിലവാരം.
ആഗോള സ്വർണവില നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 1.88 ഡോളർ ഉയർന്ന് 2064.91 ഡോളർ എന്നതാണ് വില നിലവാരം. പോയ വർഷം, ഓഹരി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നേട്ടം നൽകിയ നിക്ഷേപ മാർഗം സ്വർണമാണ്. കൂടാതെ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്വർണത്തിൽ ഏറ്റവും കൂടിയ വില വർദ്ധനവ് രേഖപ്പെടുത്തുന്ന രണ്ടാമത്തെ വർഷം കൂടിയാണ് 2023. കോവിഡ് പ്രതിസന്ധിയുണ്ടായ 2020-ലാണ് ഇതിനു മുൻപ് വലിയ തോതിൽ നിരക്കുകൾ വർദ്ധിച്ചിരുന്നത്.