ന്യൂഡൽഹി: രാജ്യത്തേക്ക് വില കുറഞ്ഞ സ്ക്രൂവിന്റെ ഇറക്കുമതിക്ക് തടയിട്ട് കേന്ദ്രസർക്കാർ. കിലോയ്ക്ക് 129 രൂപയിൽ താഴെ വിലയുള്ള സ്ക്രൂവിന്റെ ഇറക്കുമതിക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് പുറത്തിറക്കിയിട്ടുണ്ട്. ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ, സ്ക്രൂകളുടെ ഇറക്കുമതി നയം പരിഷ്കരിച്ചിട്ടുണ്ട്. ഇത് പ്രാദേശിക സ്ക്രൂ നിർമ്മാതാക്കൾക്ക് ഗുണം ചെയ്യുന്നതാണ്.
കോച്ച് സ്ക്രൂ, മെഷീൻ സ്ക്രൂകൾ, വുഡ് സ്ക്രൂകൾ, ഹുക്ക് സ്ക്രൂകൾ, സെൽഫ് ടാപ്പിംഗ് സ്ക്രൂകൾ എന്നിവയാണ് നിരോധനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഉൽപ്പന്നങ്ങൾ. അതേസമയം, ഇറക്കുമതി ചെയ്യുന്ന സ്ക്രൂവിന്റെ മൂല്യം കിലോയ്ക്ക് 129 രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ ഇറക്കുമതി സൗജന്യമായിരിക്കും. നടപ്പു സാമ്പത്തിക വർഷം വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 468.15 മില്യൺ ഡോളർ വിലമതിക്കുന്ന സ്ക്രൂകൾ, ബോൾട്ടുകൾ, നട്ട്‌സ്, വാഷറുകൾ, എന്നീ സാധനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്.