മലയാളികൾക്ക് ഭക്ഷ്യ വിഭവങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് വെളുത്തുള്ളി. ഭക്ഷണത്തിന് രുചി പകരുന്നതിനോടൊപ്പം, ആരോഗ്യത്തിനും വെളുത്തുള്ളി ഏറെ ഗുണം ചെയ്യും. എന്നാൽ, വെളുത്തുള്ളി ഇല്ലാതെ കറി വയ്ക്കുന്നതാകും ഇനി നല്ലത്. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ റെക്കോർഡുകൾ ഭേദിക്കാൻ ഒരുങ്ങുകയാണ് വെളുത്തുള്ളി വില. കിലോയ്ക്ക് 250 രൂപ മുതൽ 350 രൂപ വരെയാണ് വെളുത്തുള്ളി വില ഉയർന്നിരിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വെളുത്തുള്ളിയുടെ ഇറക്കുമതി കുറഞ്ഞതാണ് കേരളത്തിന് തിരിച്ചടിയായത്.
മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും വെളുത്തുള്ളി ഇറക്കുമതി ചെയ്യുന്നത്. ഉത്തരേന്ത്യയിൽ കാലാവസ്ഥാ വ്യതിയാനം മൂലം വിളവെടുപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അടുത്ത വിളവെടുപ്പ് ഇനി ഫെബ്രുവരിയിലാണ് ഉണ്ടാവുക. അതേസമയം, വരും ദിവസങ്ങളിൽ പുതിയ സ്റ്റോക്ക് എത്തിയില്ലെങ്കിൽ വില ഇനിയും ഉയരാനാണ് സാധ്യത. വെളുത്തുള്ളി വില വർദ്ധിച്ചാൽ, അച്ചാർ വിപണിയെ അത് സാരമായി ബാധിക്കും. കൂടാതെ, ഹോട്ടൽ വിഭവങ്ങളുടെ വില ഉയരുന്നതിനും ഇത് കാരണമായേക്കും.