സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,400 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ്, 5,800 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 600 രൂപയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.
ആഗോള വിപണികളിലെ വിലയിടിവാണ് ആഭ്യന്തര വിപണികളിൽ പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന യുഎസ് ഫെഡ് റിസർവ് യോഗത്തിന്റെ മിനിറ്റ്സ് ആണ് സ്വർണത്തെ തളർത്തിയ പ്രധാന ഘടകം. ഈ വർഷം ഫെഡ് നിരക്കുകൾ മൂന്ന് തവണ കുറയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും, അത് ഉടൻ തന്നെ ഉണ്ടാകില്ലെന്നാണ് സൂചന. എന്നിരുന്നാലും, ആഗോള വിപണിയിൽ സ്വർണം തിരിച്ചുവരവിന്റെ സൂചനകൾ നൽകുന്നുണ്ട്. നിലവിൽ, സ്വർണം ഔൺസിന് 2,045.27 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ വർഷം അവസാനത്തോടെ സ്വർണവില 3,000 ഡോളർ എന്ന നിർണായക നിലവാരത്തിലേക്ക് ഉയരാൻ സാധ്യതയുണ്ട്.