രാജ്യത്തെ അതിസമ്പന്നൻ എന്ന പദവി വീണ്ടും തിരിച്ചുപിടിച്ച് ശതകോടീശ്വരനായ ഗൗതം അദാനി. മുകേഷ് അംബാനിയെ പിന്തള്ളിയാണ് ഇത്തവണ ഗൗതം അദാനി ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 97.6 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. 97 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനി രണ്ടാം സ്ഥാനത്താണ്. അതേസമയം, ലോക സമ്പന്നരുടെ പട്ടികയിൽ അദാനി പന്ത്രണ്ടാം സ്ഥാനത്തും, അംബാനി പതിമൂന്നാം സ്ഥാനത്തുമാണ്.
കഴിഞ്ഞ വർഷം അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ വലിയ രീതിയിലുള്ള നഷ്ടമാണ് വിപണിയിൽ നിന്നും നേരിട്ടത്. തുടർന്ന് ലോകസമ്പന്നരുടെ പട്ടികയിൽ നിന്ന് ഗൗതം അദാനി താഴേക്ക് പോയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പിന് എതിരായുള്ള ഹിൻഡൻബർഗ് ആരോപണങ്ങളിൽ പുതിയ അന്വേഷണം വേണമെന്ന ഹർജി സുപ്രീംകോടതി നിരസിച്ചിരുന്നു. സുപ്രീംകോടതിയിൽ നിന്നും അദാനി ഗ്രൂപ്പിന് അനുകൂല നിലപാട് ലഭിച്ചതോടെ ഓഹരികൾ വലിയ രീതിയിലാണ് കുതിച്ചുയർന്നത്
. നിലവിൽ, ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനാണ് ഗൗതം അദാനി. ബ്ലൂബെർഗ് ബില്യണയർ സൂചിക പ്രകാരം, ലോകത്തിലെ അതിസമ്പന്നൻ ഇലോൺ മസ്ക് ആണ്.
ഏറ്റവും പുതിയ കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികൾ
1 ഇലോൺ മസ്ക് – 220 ബില്യൺ ഡോളർ
2 ജെഫ് ബെസോസ് – 169 ബില്യൺ ഡോളർ
3 ബെർണാഡ് അർനോൾട്ട് – 168 ബില്യൺ ഡോളർ
4 ബിൽ ഗേറ്റ്സ് – 138 ബില്യൺ ഡോളർ
5 സ്റ്റീവ് ബാൽമർ – 128 ബില്യൺ ഡോളർ
6 മാർക്ക് സക്കർബർഗ് – 126 ബില്യൺ ഡോളർ
7 ലാറി പേജ് – 124 ബില്യൺ ഡോളർ
8 വാറൻ ബഫറ്റ് – 122 ബില്യൺ ഡോളർ
9 ലാറി എല്ലിസൺ – 120 ബില്യൺ ഡോളർ
10 സെർജി ബ്രിൻ – 117 ബില്യൺ ഡോളർ
11 കാർലോസ് സ്ലിം – 102 ബില്യൺ ഡോളർ
12 ഗൗതം അദാനി – 97.6 ബില്യൺ ഡോളർ
13 മുകേഷ് അംബാനി – 97 ബില്യൺ ഡോളർ