ഡിജിറ്റൽ സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ബജാജ് ഫിനാൻസ് ലിമിറ്റഡ്. ഡിജിറ്റൽ നിക്ഷേപങ്ങൾക്ക് 8.85 ശതമാനം പലിശ വരെയാണ് ബജാജ് ഫിനാൻസ് നൽകുന്നത്. പലിശയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവർക്ക് ഏറെ ഗുണം ചെയ്യുന്ന തരത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. രാജ്യത്തെ മുൻനിര ധനകാര്യ സ്ഥാപനമായ ബജാജ് ഫിൻസർവിന്റെ ഭാഗമാണ് ബജാജ് ഫിനാൻസ് ലിമിറ്റഡ്.
ബജാജ് ഫിൻസെർവ് ആപ്പിലും, വെബ്സൈറ്റിലും ബുക്ക് ചെയ്ത സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 42 മാസത്തേക്ക് പ്രതിവർഷം 8.85 ശതമാനം പലിശയാണ് നൽകുന്നത്. 60 വയസിന് താഴെയുള്ള നിക്ഷേപകർക്ക് പ്രതിവർഷം 8.60 ശതമാനം വരെയും പലിശ ലഭിക്കും. പുതുക്കിയ നിരക്കുകൾ 42 മാസത്തിനുള്ള പുതിയ നിക്ഷേപങ്ങൾക്കും, 5 കോടി രൂപ വരെയുള്ള കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങളുടെ പുതുക്കലിനും ബാധകമായിരിക്കുമെന്ന് ബജാജ് ഫിനാൻസ് വ്യക്തമാക്കി. ഇതിനോടൊപ്പം കമ്പനിയുടെ ഡിജിറ്റൽ ആപ്പ് ഉപഭോക്താക്കൾക്ക് വിശാലമായ മ്യൂച്വൽ ഫണ്ടുകൾ ആക്സിസ് ചെയ്യാൻ കഴിയുന്ന ഒരു നിക്ഷേപ വിപണി കൂടി ബജാജ് ഫിനാൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്.