ഇന്ത്യൻ റെയിൽവേയുടെ പ്രധാന വരുമാന സ്രോതസുകളിൽ ഒന്നാണ് ചരക്കുനീക്കം. ചരക്കുനീക്കത്തിലൂടെ ലക്ഷങ്ങളുടെ വരുമാനം നേടിയിരിക്കുകയാണ് റെയിൽവേയുടെ പാലക്കാട് ഡിവിഷൻ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഡിസംബറിൽ മാത്രം 50.01 ലക്ഷം രൂപയുടെ വരുമാനമാണ് ചരക്കുനീക്കത്തിലൂടെ പാലക്കാട് റെയിൽവേ ഡിവിഷൻ നേടിയിരിക്കുന്നത്. കൽക്കരി, രാസവളങ്ങൾ, ഭക്ഷ്യ എണ്ണകൾ, പെറ്റ്കോക്ക് തുടങ്ങിയവയാണ് ഡിസംബർ മാസം നീക്കം ചെയ്ത പ്രധാന ചരക്കുകൾ. മറ്റ് ചരക്കുകൾ കൂടി ഉൾപ്പെടുന്നതോടെ വരുമാനം ഇനിയും വർദ്ധിക്കുന്നതാണ്.
ഇക്കുറി ന്യൂ മംഗളൂരുവിലെ പനമ്പൂർ യാർഡ് കേന്ദ്രീകരിച്ചാണ് പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ ചരക്കുനീക്കം നടന്നത്. ഇതിനായി 10,670 വാഗണുകളുടെ സേവനമാണ് പ്രയോജനപ്പെടുത്തിയത്. 204 റേക്കുകൾ മുഖേനയായിരുന്നു സർവീസ്. 6.97 ലക്ഷം മെട്രിക് ചരക്കുകളാണ് ഈ ഡിവിഷൻ കൈകാര്യം ചെയ്തത്. ഘട്ടം ഘട്ടമായി മറ്റ് റെയിൽവേ ഡിവിഷനുകളിലെ ചരക്കുനീക്ക സർവീസുകളുടെ കണക്കുകൾ കൂടി റെയിൽവേ പുറത്തുവിടുന്നതാണ്.