ജിഎസ്ടിയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഡിമാൻഡ് ഉത്തരവുകൾക്കെതിരെ അപ്പീൽ നൽകാൻ അവസരം. കേന്ദ്ര ജിഎസ്ടി നിയമം, കേരള ജിഎസ്ടി നിയമം 2017 എന്നിവ പ്രകാരം, 2023 മാർച്ച് 31 വരെ പുറപ്പെടുവിച്ച ഡിമാൻഡ് ഉത്തരവുകൾക്കെതിരെയാണ് അപ്പീൽ നൽകാൻ സാധിക്കുക. 2024 ജനുവരി 31 വരെയാണ് അപ്പീല്‍ നൽകാനുള്ള അവസാന അവസരം. ഇതുവഴി അപ്പീൽ തീർപ്പാക്കുന്നത് വരെ റിക്കവറി നടപടികളിൽ നിന്നും നികുതിദായകർക്ക് സ്റ്റേ വാങ്ങാൻ കഴിയുന്നതാണ്.
ഉത്തരവ് തീയതിക്ക് ശേഷം 90 ദിവസത്തിനുള്ളിൽ അപ്പീൽ ഫയൽ ചെയ്യേണ്ടതാണ്. എന്നാൽ, ചില നികുതിദായകർക്ക് ഇതിന് സാധിച്ചിരുന്നില്ല. അപ്പീൽ നൽകാത്ത കേസുകളിൽ നടപടി ഇല്ലാത്തതിനാൽ കുടിശ്ശിക പിരിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്റ്റ് ടാക്സേസ് ആൻഡ് കസ്റ്റംസ് നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. അതേസമയം, കുടിശ്ശിക വിവരങ്ങൾ അറിയുന്നതിനായി ജിഎസ്ടി പോർട്ടൽ സന്ദർശിച്ചാൽ മതിയാകും. അപ്പീൽ നൽകാനുള്ളവർ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അവസാന തീയതിക്ക് മുൻപായി പൂർത്തിയാക്കേണ്ടതാണ്.