രാജ്യത്തെ വനിതാ കർഷകർക്ക് സന്തോഷ വാർത്ത! സാമ്പത്തിക സഹായം ഇരട്ടിയാക്കി ഉയർത്താൻ തീരുമാനം


ന്യൂഡൽഹി: രാജ്യത്തെ വനിതാ കർഷകർക്ക് സന്തോഷ വാർത്തയുമായി കേന്ദ്രസർക്കാർ. വനിതാ കർഷകർക്കുള്ള സാമ്പത്തിക സഹായം ഇരട്ടിയാക്കി വർദ്ധിപ്പിക്കാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ നൽകുന്ന സാമ്പത്തിക സഹായം 6,000 രൂപയിൽ നിന്നും 12,000 രൂപയായാണ് ഉയർത്തുക. സർക്കാർ കണക്കുകൾ അനുസരിച്ച്, കഴിഞ്ഞ നവംബർ 15 വരെ 15 ഗഡുക്കളായി 2.81 ലക്ഷം കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളത്. ഏകദേശം 110 ദശലക്ഷത്തിലധികം ഗുണഭോക്താക്കളാണ് പദ്ധതിക്ക് കീഴിലുള്ളത്.

ഫെബ്രുവരി ഒന്നിന് നടക്കുന്ന ബജറ്റിൽ സാമ്പത്തിക സഹായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കും. ഇതിനായി സർക്കാറിന് 12,000 കോടി രൂപ അധിക ചെലവ് വരുന്നതാണ്. ഗ്രാമീണ മേഖലയിലെ സ്ത്രീകളെ ശാക്തീകരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശക്തമായ നീക്കത്തിന്റെ ഭാഗമായാണ് സാമ്പത്തിക സഹായം ഉയർത്തുന്നത്. കണക്കുകൾ പ്രകാരം, രാജ്യത്തെ കർഷകരിൽ 60 ശതമാനവും സ്ത്രീകളാണ്. 3 കോടി 56 ലക്ഷം വനിതാ കർഷകർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.