രൂപ-ദിർഹം വ്യാപാരത്തിന് തുടക്കമിട്ട് ഇന്ത്യയും യുഎഇയും, ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ



പ്രാദേശിക കറൻസികളായ രൂപയിലും ദിർഹത്തിലുമുള്ള നേരിട്ടുള്ള വ്യാപാരത്തിന് തുടക്കമിട്ട് ഇന്ത്യയും യുഎഇയും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പങ്കുവെച്ചത്. സ്വതന്ത്ര വ്യാപാര ഉടമ്പടി പ്രകാരം, ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറായി വികസിപ്പിക്കാൻ ഇരു രാജ്യങ്ങളും പദ്ധതിയിടുന്നതായി അദ്ദേഹം വ്യക്തമാക്കി. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയുടെ പത്താമത്തെ പതിപ്പിന്റെ ഭാഗമായി നടന്ന ഇന്ത്യ-യുഎഇ ബിസിനസ് ഉച്ചകോടിയിൽ വച്ചാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

പ്രാദേശിക കറൻസികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടക്കൂട് രൂപീകരിക്കാൻ 2023 ജൂലൈയിലാണ് ഇന്ത്യയും യുഎഇയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് കീഴിൽ ഉഭയകക്ഷി വ്യാപാരം ഗണ്യമായി ഉയർന്നിട്ടുണ്ട്. 2022-ൽ ഇന്ത്യ-യുഎഇ വ്യാപാരം 8,500 കോടി ഡോളറായിരുന്നു. കൂടാതെ, ഇക്കാലയളവിൽ യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും, ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനവുമായി മാറിയിട്ടുണ്ട്.

Also Read: ഡൽഹിയെ ഭീതിയിലാഴ്ത്തി വൻ ഭൂചലനം: റിക്ടർ സ്കെയിലിൽ 6.2 തീവ്രത