മൂന്നാം പാദഫലങ്ങൾ പുറത്തുവന്നതോടെ മിന്നും പ്രകടനം കാഴ്ചവച്ച് കേന്ദ്ര പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസി. ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 94 ശതമാനം വളർച്ചയാണ് എൽഐസി നേടിയിരിക്കുന്നത്. ഗ്രൂപ്പ് സിംഗിൾ പ്രീമിയം ബിസിനസിൽ ഉണ്ടായ കുതിച്ചുചാട്ടമാണ് ഈ നേട്ടത്തിന് പിന്നിൽ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, എൽഐസിയുടെ മൊത്തം പ്രീമിയം മുൻ വർഷം ഡിസംബറിലെ 11,859 കോടി രൂപയിൽ നിന്നും, 22,981 കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഇതേ കാലയളവിലെ ഗ്രൂപ്പ് സിംഗിൾ പ്രീമിയം മുൻ വർഷം ഡിസംബറിലെ 5,966 കോടി രൂപയിൽ നിന്ന് 17,601 കോടി രൂപയായാണ് വർദ്ധിച്ചത്.
ഡിസംബറിലെ പ്രീമിയത്തിൽ എൽഐസിയുടെ ഗ്രൂപ്പ് ബിസിനസ് വളർച്ച 43 ശതമാനമായി ഉയർന്നിട്ടുണ്ട്. 2022 ഡിസംബറിൽ ഇത് 26,838 കോടി രൂപയായിരുന്നു. എന്നാൽ, 2023 ഡിസംബറിൽ 38,583 കോടി രൂപയായാണ് ഉയർന്നത്. എൽഐസിയുടെ ഉയർന്ന പ്രീമിയം വരുമാനം ഡിസംബറിലെ വ്യവസായത്തിന്റെ വളർച്ചയ്ക്ക് കൂടുതൽ കരുത്ത് പകർന്നിട്ടുണ്ട്. 2023 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ രാജ്യത്തെ ഇൻഷുറൻസ് കമ്പനികളെല്ലാം ചേർന്ന് മൊത്തം 2.50 ലക്ഷം കോടി രൂപയുടെ പ്രീമിയം രേഖപ്പെടുത്തിയിട്ടുണ്ട്.