സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു, സാധാരണക്കാർ വൻ പ്രതിസന്ധിയിൽ


സംസ്ഥാനത്തെ പൊതുവിപണികളിൽ അരിവില വീണ്ടും കുതിച്ചുയരുന്നു. പൊന്നി, കോല എന്നീ അരി ഇനങ്ങൾക്ക് 8 രൂപയോളമാണ് വർദ്ധിച്ചിരിക്കുന്നത്. കുറുവ, ജയ എന്നീ അരികളുടെ വിലയും ഉയർന്നിട്ടുണ്ട്. വില കുറയേണ്ട സീസണായിട്ടും പൊന്നും വില നൽകിയാണ് സാധാരണക്കാർ അരി വാങ്ങുന്നത്. മൊത്ത വിപണിയിൽ 47 രൂപ മുതൽ 65 രൂപ വരെയാണ് പൊന്നി അരിയുടെ ഇപ്പോഴത്തെ വില. എന്നാൽ, ഇവ ചില്ലറ വിപണിയിൽ എത്തുമ്പോൾ 55 രൂപ മുതൽ 73 രൂപ വരെ ഈടാക്കും.

ബിരിയാണിക്കും മറ്റും ഉപയോഗിക്കുന്ന കോല അരിക്കും ഉയർന്ന വിലയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 7 രൂപയോളമാണ് കോല അരിയുടെ വില വർദ്ധിച്ചത്. ചില്ലറ വിപണിയിൽ കിലോയ്ക്ക് 72 രൂപയോളമാണ് കോല അരിയുടെ വിലയും. ആന്ധ്ര കുറുവയ്ക്ക് ചില്ലറ വിപണിയിൽ 47 രൂപ മുതൽ 54 രൂപ വരെ വിലയുണ്ട്. കേരളത്തിലേക്ക് ആന്ധ്ര, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് അരി ഇറക്കുമതി ചെയ്യുന്നത്. കയറ്റുമതി വർദ്ധിച്ചതും, കർഷകർ കൂടുതൽ വില കിട്ടുന്ന അരി ഇനങ്ങളുടെ കൃഷിയിലേക്ക് മാറിയതുമാണ് വിലക്കയറ്റം ഉണ്ടാകാനുള്ള പ്രധാന കാരണം. ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങളിൽ വിളവെടുപ്പ് സീസൺ ആരംഭിക്കുന്നതോടെ വില കുറയുമെന്നാണ് വിലയിരുത്തൽ.