ഗൂഗിൾപേ ഉപയോഗിച്ച് ഇനി വിദേശ രാജ്യങ്ങളിൽ നിന്നും ഇടപാടുകൾ നടത്താം, പുതിയ മാറ്റത്തിന് തുടക്കം


ഇന്ത്യൻ വിപണിയിൽ നിന്ന് വമ്പൻ കൈയ്യടികൾ ഏറ്റുവാങ്ങിയ യുപിഐ സേവന ദാതാവായ ഗൂഗിൾപേയുടെ സേവനങ്ങൾ ഇനി വിദേശ രാജ്യങ്ങളിലും ലഭ്യമാക്കുന്നു. വിദേശത്ത് വച്ചും യുപിഐ സംവിധാനം ഉപയോഗിച്ച് യഥേഷ്ടം ഇടപാടുകൾ നടത്താൻ കഴിയുന്ന സംവിധാനത്തിനാണ് തുടക്കം കുറിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തേക്കും യുപിഐ സേവനങ്ങൾ വ്യാപിക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ ഇന്ത്യ ഡിജിറ്റൽ സർവീസസും, എൻപിസിഐ ഇന്റർനാഷണൽ പേയ്മെന്റ്സ് ലിമിറ്റഡും തമ്മിൽ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. വിദേശത്ത് പോകുന്ന ഇന്ത്യക്കാർക്ക് ഗൂഗിൾപേ ഉപയോഗിച്ച് ഇടപാട് നടത്താൻ അനുവദിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

യുപിഐ സേവനങ്ങൾ വിദേശ രാജ്യത്ത് കൂടി എത്തുന്നതോടെ പണം കയ്യിൽ കരുതുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ സാധിക്കും. പുതിയ കരാറിലൂടെ, വിദേശത്ത് വച്ച് യുപിഐ ഇടപാടുകൾ നടത്താൻ ആവശ്യമായ മുഴുവൻ സഹായങ്ങളും ലഭ്യമാക്കുന്നതാണ്. ഇതിനോടൊപ്പം വിദേശത്ത് നിന്ന് ഇന്ത്യയിലേക്കും, തിരിച്ചും പണം അയക്കുന്നത് സുഗമമാക്കാനും ലക്ഷ്യമിടുന്നുണ്ട്.