ആഗോള ഘടകങ്ങൾ ആഞ്ഞടിച്ചു! ആഴ്ചയുടെ മൂന്നാം ദിനം നഷ്ടത്തിലേറി ഓഹരി വിപണി


ആഗോള ഘടകങ്ങൾ ആഞ്ഞടിച്ചതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കം മുതൽ ആഭ്യന്തര സൂചികകൾ നിറം മങ്ങിയിരുന്നു. ഇന്ന് കനത്ത നഷ്ടമാണ് വിപണിയിൽ നിന്നും നേരിടേണ്ടി വന്നത്. ബിഎസ്ഇ സെൻസെക്സ് 1628.01 പോയിന്റ് നഷ്ടത്തിൽ 71,500.76-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 460.35 പോയിന്റ് നഷ്ടത്തിൽ 21,571.95-ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റിയിൽ ഐടി ഒഴികെയുള്ള എല്ലാ സൂചികകളും ഇന്ന് കനത്ത നഷ്ടമാണ് നേരിട്ടത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് പ്രവർത്തനഫലം പുറത്തുവിട്ടിരുന്നു. മൂന്നാം പാദത്തിൽ വലിയ തിരിച്ചടിയാണ് എച്ച്ഡിഎഫ്സി ബാങ്ക് നേരിട്ടത്. ഇതോടെ, ബാങ്കിംഗ് ഓഹരികൾ തകർന്നടിയുകയായിരുന്നു.

എച്ച്ഡിഎഫ്സി ബാങ്കിന്റെ സാമ്പത്തികാരോഗ്യം വ്യക്തമാക്കുന്ന അറ്റ മാർജിൻ പാദാടിസ്ഥാനത്തിൽ 3.7 ശതമാനത്തിലേക്കാണ് താഴ്ന്നത്. ബാങ്ക് നിഫ്റ്റിയിൽ 29 ശതമാനം വെയിറ്റേജ് ഉള്ള എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി ഇന്ന് 8.1 ശതമാനമാണ് ഇടിഞ്ഞത്. അതേസമയം, പണപ്പെരുപ്പം വീണ്ടും വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ, പലിശഭാരം അടുത്തിടെ ഒന്നും കുറയ്ക്കില്ലെന്ന സൂചനകൾ വിവിധ കേന്ദ്രബാങ്കുകൾ നൽകിയിട്ടുണ്ട്. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, വോഡഫോൺ ഐഡിയ, ടാറ്റാ സ്റ്റീൽ, മാക്രോടെക് ഡെവലപ്പേഴ്സ് തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് കൂടുതൽ നഷ്ടം നേരിട്ടത്.