രാമക്ഷേത്ര പ്രാണപ്രതിഷ്ഠ: തിങ്കളാഴ്ച ഓഹരി വിപണിക്കും അവധി, പകരം ഇന്ന് പ്രവര്‍ത്തി ദിനം


മുംബൈ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വിപണിക്ക് അവധിയാകുമെന്ന് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചു. പകരം ഇന്ന് വിപണി രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 3.30 വരെ പ്രവര്‍ത്തിക്കും.

എന്‍.എസ്.ഇ, ബി.എസ്.ഇ വെബ്‌സൈറ്റില്‍ അപ്രതീക്ഷിതമായ തടസ്സങ്ങള്‍ ഉണ്ടായാല്‍ ഇടപാടിന്റെ തുടര്‍ച്ച ഉറപ്പാക്കാന്‍ ഡിസാസ്റ്റര്‍ റിക്കവറി സൈറ്റിലേക്ക് മാറുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 9.15 മുതല്‍ പത്തുവരെയും 11.30 മുതല്‍ 12.30 വരെയുമായി പ്രത്യേക സെഷന്‍ ഉണ്ടാകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, മുഴുദിന ട്രേഡിങ് ഉണ്ടാകുമെന്ന് വെള്ളിയാഴ്ച വൈകീട്ട് അറിയിക്കുകയായിരുന്നു. സാധാരണ തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് ഓഹരി വിപണി പ്രവര്‍ത്തിക്കാറുള്ളത്.