മാലിദ്വീപ് യാത്ര റദ്ദ് ചെയ്തോ? എങ്കിൽ ‘മിസ്റ്റർ ബട്ടൂര’യിലേക്ക് പോന്നോളൂ, വിചിത്രമായ ഐക്യദാർഢ്യം ഇങ്ങനെ


ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ് വിചിത്രമായൊരു ഐക്യദാർഢ്യ പ്രഖ്യാപനം. മാലിദ്വീപിലേക്കുള്ള യാത്ര റദ്ദ് ചെയ്യുന്നവർക്ക് സൗജന്യ ഭക്ഷണം നൽകിയാണ് ഒരു റസ്റ്റോറന്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. നോയിഡയിലെയും ഗാസിയാബാദിലെയും റസ്റ്റോറന്റ് ശൃംഖലയായ ‘മിസ്റ്റർ ബട്ടൂര’യാണ് ഉപഭോക്താക്കൾക്ക് വിചിത്രമായ ഓഫർ നൽകിയിരിക്കുന്നത്.

മാലിദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയ ടിക്കറ്റിന്റെ തെളിവ് കാണിച്ചാൽ ഒരു പ്ലേറ്റ് ‘ചോലെ ബട്ടൂര’ സൗജന്യമായി ലഭിക്കും. ജനുവരി അവസാനം വരെ ഈ ഓഫർ ഉണ്ടായിരിക്കുമെന്ന് റസ്റ്റോറന്റ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിലൂടെ ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ഇന്ത്യ-മാലിദ്വീപ് നയതന്ത്ര സംഘർഷങ്ങൾക്കിടയിൽ ഇസ്രായേൽ അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ഓൺലൈൻ ട്രാവൽ കമ്പനിയായ ഈസി മൈ ട്രിപ്പ് മാലിദ്വീപിലേക്കുള്ള എല്ലാ ബുക്കിംഗുകളും താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കുറിച്ച് മാലിദ്വീപ് നേതാക്കൾ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങൾക്കൊടുവിലാണ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സംഘർഷങ്ങൾ ഉടലെടുത്തത്.