കൊച്ചി: ദക്ഷിണേന്ത്യയിലെ ചെറുപട്ടണങ്ങളിലേക്ക് എയർ കണക്ടിവിറ്റി വർദ്ധിപ്പിക്കാനൊരുങ്ങി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ). ഇതിനായി ചെറുപട്ടണങ്ങളിലേക്ക് കൂടുതൽ സർവീസുകളാണ് സിയാൽ ആരംഭിക്കുക. അലയൻസ് എയറുമായി ചേർന്നാണ് പുതിയ നീക്കം. കൊച്ചിയിൽ നിന്നും കണ്ണൂർ, ട്രിച്ചി, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. അതിരാവിലെയും, രാത്രി വൈകിയുമാണ് സർവീസുകൾ ഉണ്ടായിരിക്കുക. ഇതിനായി അലയൻസ് എയറിന്റെ എടിആർ വിമാനങ്ങൾക്ക് ഓവർ നൈറ്റ് പാർക്കിംഗ് സംവിധാനം ഒരുക്കാനും സിയാൽ തീരുമാനിച്ചിട്ടുണ്ട്.
പ്രാദേശിക നഗരങ്ങളിലേക്ക് സർവീസുകൾ വ്യാപിക്കുന്നതോടെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരാൻ കഴിയുന്നതാണ്. നിലവിൽ, കൊച്ചിയിൽ നിന്നും അഗത്തി, സേലം, ബെംഗളൂരു റൂട്ടുകളിലേക്ക് അലയൻസ് എയർ സർവീസുകൾ നടത്തുന്നുണ്ട്. ഇത് വിനോദസഞ്ചാര മേഖലയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് പ്രാദേശിക നഗരങ്ങളിലേക്കുള്ള സർവീസുകൾ വ്യാപിപ്പിക്കുക.